കൊച്ചി: സംസ്ഥാനത്ത് ബാലപീഡനം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ താല്‍ക്കാലിക പോക്‌സോ കോടതികളുടെ പ്രവര്‍ത്തന കാലാവധി നീട്ടി നല്‍കി കേന്ദ്രസര്‍ക്കാര്‍.
സംസ്ഥാനത്തു മയക്കുമരുന്ന് കേസ് കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതു കുട്ടികള്‍ ഇരകളാവുന്ന പോക്‌സോ കേസുകളാണ്. അടിപിടിക്കേസുകള്‍ പോലും ഇതിനു പിന്നിലാണെന്നാണു കണക്കുകള്‍. ഈ സാഹചര്യത്തിലാണു താല്‍ക്കാലിക പോക്‌സോ കോടതികളുടെ രണ്ടുവര്‍ഷ കാലാവധി നീട്ടിനല്‍കിയത്.
കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗം തീര്‍പ്പാക്കുക ലക്ഷ്യമിട്ടാണു താല്‍ക്കാലിക കോടതികള്‍ സ്ഥാപിച്ചത്. നിശ്ചിത കാലാവധി കഴിഞ്ഞാല്‍, കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തണം. എന്നാല്‍, കേരളത്തില്‍ കോടതികള്‍ നിര്‍ത്താന്‍ കഴിയാതെവണ്ണം പോക്‌സോ കേസുകളുടെ എണ്ണം പെരുകുകയാണ്. ബലാത്സംഗ, പോക്‌സോ കേസുകള്‍ മാത്രമാണു ഈ കോടതികളില്‍ കൈകാര്യം ചെയ്യുന്നത്.
സംസ്ഥാനത്തു കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതു 3,729 പോക്‌സോ കേസുകള്‍. രണ്ടു വര്‍ഷമായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഉയരുന്ന സ്ഥിതിയാണു സംസ്ഥാനത്തു തുടരുന്നത്. സംസ്ഥാനത്ത് പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബലാത്സംഗ കേസുകള്‍ ഉള്‍പ്പെടെ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതികളാണു കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്നത്.
എറണാകുളത്തു മാത്രം നാലെണ്ണമുണ്ട്. 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണു താല്‍ക്കാലിക കോടതികള്‍ ആരംഭിച്ചത്.ഓരോ കോടതിയിലും പ്രതിവര്‍ഷം 165 കേസുകളെങ്കിലും തീര്‍പ്പാക്കുകയാണു ലക്ഷ്യമെങ്കിലും കേസുകളുടെ ആധിക്യം കാരണം പലപ്പോഴും കഴിയുന്നില്ല.
നേരത്തെ അടിപിടി കേസുകള്‍ കഴിഞ്ഞാല്‍, ഗാര്‍ഹിക പീഡനകേസുകളായിരുന്നു ക്രിമിനല്‍ കേസുകളില്‍ മുന്നില്‍നിന്നിരുന്നത്. ഇപ്പോള്‍ ഗാര്‍ഹിക പീഡനകേസുകള്‍ കുറഞ്ഞു. പകരം വിവാഹമോചനക്കേസുകള്‍ കുതിക്കുകയാണ്. സംസ്ഥാനത്തു പ്രതിവര്‍ഷം കോടതികളിലെത്തുന്ന ഡിവോഴ്‌സ് കേസുകളുടെ എണ്ണം അമ്പതിനായിരം കവിഞ്ഞു.
പോയ വര്‍ഷം ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതു തിരുവനന്തപുരം ജില്ലയിലാണ്; 475 കേസുകള്‍. മലപ്പുറം ജില്ലയില്‍ 450 കേസുകളും എറണാകുളത്തു 368 കേസുകളും കോഴിക്കോട് 350 കേസുകളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കൊല്ലത്തു 322 കേസുകളും തൃശൂരില്‍ 307 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
പോക്‌സോ നിയമത്തിനു 10 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കേസന്വേഷണവും വിചാരണയും വേഗത്തിലാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമത്തിലെ പല നിര്‍ദേശങ്ങളും സംസ്ഥാനത്ത് ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല.