കൊച്ചി: പട്ടികജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍. പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 2 തസ്തികയില്‍ ഉദ്യോഗകയറ്റം കിട്ടി ജോലിയില്‍ പ്രവേശിച്ചവരാണ് ആശങ്കയിലായത്.
പട്ടികജാതി വികസന ഓഫീസര്‍ തസ്തികയില്‍ പി.എസ്.സി. വഴി നേരിട്ടുള്ള നിയമനത്തിന് 29 പേര്‍ ശിപാര്‍ശ നല്‍കി പരിശീലനത്തിന് നിയോഗിച്ചിട്ടുണ്ട്.
എന്നാല്‍, ഈ തസ്തികയില്‍ നിലവില്‍ ഒഴിവുകള്‍ ഇല്ല. ഉദ്യോഗകയറ്റത്തിലൂടെ ഈ തസ്തികയില്‍ എത്തിയ 29 പേരെ തരംതാഴ്ത്തി പുതിയ നിയമനം നടത്താനാണ് നീക്കമെന്നാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.
ഇതിലൂടെ നിലവില്‍ പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 2 തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ഹെഡ് ക്ലാര്‍ക്ക്, സീനിയര്‍ ക്ലാർക്ക് തസ്തികയിലേക്കും സീനിയര്‍ ക്ലാർക്ക് തസ്തികകളിലേക്കും പിന്തള്ളപ്പെടുമെന്ന് അവര്‍ പറയുന്നു. രണ്ട് വര്‍ഷമായി ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ ഇതിന്റെ ഇരയാകും.
വകുപ്പിന്റെ സ്‌പെഷല്‍ റൂള്‍സ് പ്രകാരം ഈ തസ്തികയിലേക്ക് 50% നിയമനം ഹെഡ് ക്ലാർക്ക്, സീനിയര്‍ ക്ലാർക്ക് എന്നിവയില്‍നിന്നുള്ള പ്രമോഷന്‍ മുഖേനയും 50% പി.എസ്.സി. വഴി നേരിട്ടുമാണ്. ഇത് ഭേദഗതിചെയ്ത് നേരിട്ടുള്ള നിയമനം 29% ആക്കി കുറക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
നേരിട്ടുള്ള നിയമനം കഴിഞ്ഞതിനു ശേഷമാണ് പി.എസ്.സി. ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചതെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു.
ഒഴിവില്ലാത്ത തസ്തികകളിലേക്ക് എങ്ങനെയാണ് അഡൈ്വസ് മെമ്മോ അയക്കുന്നത് എന്നാണ്, ഇവര്‍ ചോദിക്കുന്നത്. 2017ല്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടും 2022 വരെ തുടര്‍ നടപടികള്‍ നടക്കാതിരുന്നതിനാലാണ് 2022 ഫെബ്രുവരിയില്‍ പ്രൊമോഷന്‍ നടത്തിയത്.
എന്നാല്‍, അനധികൃത പ്രൊമോഷന്‍ നടത്തിയെന്ന തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നത്.