പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് നടി രമ്യാ നമ്പീശന്‍. നിലപാടുകള്‍ പറയുമ്പോള്‍ നഷ്ടങ്ങളുണ്ടാകുമെന്നും രമ്യ പറഞ്ഞു. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസരമുണ്ടായിരുന്നു. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകളെടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും നമുക്ക് പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ ഭയങ്കര വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടുകൂടിയാണ് ഞാന്‍ കാണുന്നത്.
അര്‍ഹിക്കുന്ന ന്യായമായ വേതനം നടിമാര്‍ക്ക് കിട്ടുന്നുണ്ടോ എന്ന് സംശയമാണ്. നടന്മാരെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴും സിനിമ നടക്കുന്നത്. തുല്യവേതനം എന്ന അവസ്ഥയിലേക്ക് നമ്മുടെ സിനിമയും ഇന്‍ഡസ്ട്രിയും വളരണമെന്നാണ് ആഗ്രഹം. ഒരുപാട് പിറകിലേക്ക് പോകേണ്ട ഒരു കാര്യമാണിത്. ആണ്‍കോയ്മയാണ് ഇവിടെ ഇതുവരെ നടന്നുവന്നിട്ടുള്ളത്.
ഒരു സ്ത്രീ സിനിമ പറയുന്നെന്ന് കേള്‍ക്കുമ്പോള്‍ വേറെന്തോ ഭാവമാണ്. അത്തരം സിനിമകള്‍ ഒന്ന് കാണുകയും കേള്‍ക്കുകയും ചെയ്ത് നോക്കൂ. അത് കേള്‍ക്കുന്നതിനും മുന്നേയുള്ള വിധിപ്രസ്താവത്തിലേക്കാണ് പോകുന്നത്. അതുതന്നെ ആദ്യം മാറണം.
പ്രശ്‌നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നുവിളിക്കുന്ന തന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. ഒരു പ്രശ്‌നം വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നത് ഇവിടത്തെ സംവിധാനങ്ങളുടെ പ്രശ്‌നമാണ്. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്.
പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്ടീവ് പോലുള്ള സംഘടന തുടങ്ങിയതും സംസാരിക്കുന്നതും. അത് പലര്‍ക്കും അരോചകമായി തോന്നും. സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ആകെയുള്ള വഴി.
എന്നെ സംബന്ധിച്ചടത്തോളം വേറൊരു ഇന്‍ഡസ്ട്രിയിലും ജോലി ചെയ്തതുകൊണ്ട് അവിടെ ഒരിടം കിട്ടി. വെറുതെയിരുന്നില്ല സിനിമ ചെയ്യാന്‍ പറ്റി. പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്നും രമ്യ നമ്പീശന്‍ പറയുന്നു.