മറയൂര്‍: മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ നടുറോഡില്‍ നിന്നിരുന്ന കൊമ്പന്‍ മൂന്നു വാഹനങ്ങളുടെ മുന്‍വശങ്ങള്‍ കുത്തി കേടുപാട് വരുത്തി. ഇതോടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.
മറയൂരില്‍ നിന്നും സ്ഥിരമായി നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്ന അമീനിന്റെ ടിപ്പർ നടുറോഡില്‍ കാട്ടാന തടഞ്ഞ് നിൽക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.
കൊമ്പന്റെ നീക്കം അനുസരിച്ച് ടിപ്പര്‍ പുറകോട്ട് എടുത്ത് വന്നെങ്കിലും മുന്‍പിലെത്തിയ കൊമ്പന്‍ ടിപ്പറിന്റെ മുന്‍വശത്തില്‍ രണ്ട് കൊമ്പുകള്‍ കൊണ്ട് കുത്തിയതില്‍ കേടുപാട് സംഭവിച്ചു. ഇതിനിടയില്‍ എതിര്‍വശത്ത് വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിന്റെ ബോണറ്റിലും കുത്തി.
മറ്റൊരു കാറിലും ഒരു വശത്ത് കുത്തി. ഇതില്‍ മൂന്നു വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകളാണ് സംഭവിച്ചത്. കൊമ്പന്‍ നടുറോഡില്‍ നിന്നതോടെ മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിച്ചു. പിന്നീട് സമീപത്ത് എത്തിയ ആനക്കൂട്ടത്തിനൊപ്പം മടങ്ങിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.