വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ടു; നാലു പേര്‍ക്ക് പരിക്ക്

author-image
neenu thodupuzha
New Update

ഛത്തീസ്ഗഢ്: വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. അപകടത്തില്‍ ഒന്നര വയസുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.

Advertisment

വരന്‍ ഹേമേന്ദ്ര മെറാവി (22), സഹോദരന്‍ രാജ്കുമാര്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ കവരദയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായ്പൂരില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെയുള്ള മധ്യപ്രദേശ് അതിര്‍ത്തിയിലാണ് സംഭവം.

publive-image

പൊട്ടിത്തെറിയിൽ മുറിയുടെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു. ഹേമേന്ദ്രയും ബന്ധുക്കളും വിവാഹ സമ്മാനങ്ങള്‍ തുറന്ന് നോക്കുന്നതിനിടെയാണ് സംഭവം. വൈദ്യുതിയുമായി ഘടിപ്പിച്ച് ഹോം തിയേറ്റര്‍ സ്വിച്ച് ഓണ്‍ ചെയ്തയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധരും പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

മുറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടനത്തിന് കാരണമായേക്കാവുന്ന മറ്റ് കത്തുന്ന വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ പൊട്ടിത്തെറിയുടെ കാരണം വ്യക്തമാകൂവെന്നും മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായുള്ള പ്രദേശമായതിനാല്‍ വിശദമായ അന്വേഷണമാണ് നടത്തുന്നതെന്നും പോലീസ് അറിയിച്ചു.

Advertisment