മൂത്തകുട്ടിയുടെ വെളിപ്പെടുത്തലിൽ പോലീസ് വീട്ടിലേക്ക് പാഞ്ഞെത്തിയപ്പോൾ കേട്ടത് കുഞ്ഞിന്റെ കരച്ചിൽ; കോട്ടയിലെ കുരുന്നിന്റെ ജീവന്‍ രക്ഷിച്ചത് പോലീസും ആദ്യമെത്തിയ ആശുപത്രിയിലെ ഡോക്ടറുടെയും ഇടപെടല്‍

author-image
neenu thodupuzha
New Update

കോഴഞ്ചേരി: പോലീസിന്റെയും യുവതി എത്തിയ ആശുപത്രിയിലെ ഡോക്ടറുടെയും അവസരോചിതമായ ഇടപെടലാണ് ആറന്മുള കോട്ടയിലെ കുരുന്ന് കുഞ്ഞിന്റെ ജീവന്‍ നില നിർത്താന്‍ കാരണമായത്.

Advertisment

ഉയര്‍ന്ന രക്തസ്രാവവുമായി മാതാവിനൊപ്പം അങ്ങാടിക്കല്‍ ഉഷ നഴ്‌സിങ് ഹോമില്‍ എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി. എന്നാല്‍, പ്രസവശേഷം കുട്ടി മരിച്ചെന്നും മറവ് ചെയ്‌തെന്നുമാണ് അമ്മയും മകളും ആശുപത്രി അധികൃതരോട് പറഞ്ഞത്.

publive-image

ഇവര്‍ക്കൊപ്പമെത്തിയ യുവതിയുടെ മൂത്ത കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ കുരുന്ന് വീട്ടിലെ മുറിയിലെ ബക്കറ്റില്‍ ഉണ്ടെന്നു പറയുന്നത്.  ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ചെങ്ങന്നൂര്‍ പോലീസില്‍ അറിയിക്കുകയും അതിവേഗം അവര്‍ തങ്ങളുടെ അതിര്‍ത്തി ലംഘിച്ച് ആറന്മുള പോലീസ് സ്‌റ്റേഷന് കീഴിലുള്ള കോട്ടയിലേക്ക് എത്തുകയുമായിരുന്നു.

വീട്ടിനുള്ളില്‍ കയറാന്‍ കഴിയാതെ നില്‍ക്കുമ്പോഴാണ് കുളിമുറിയില്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നത്. ഉടന്‍ തന്നെ അവിടേക്ക് എത്തിയപ്പോള്‍ ബക്കറ്റില്‍ കരയുന്ന കുഞ്ഞിനെ കണ്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് കുട്ടിയേയും ബക്കറ്റും എടുത്ത് ആശുപത്രിയിലേക്കു കുതിക്കുക ആയിരുന്നു.

ആശുപത്രിയില്‍ എത്തി അടിയന്തര ശുശ്രൂഷ നല്‍കിയപ്പോഴാണ് ചെങ്ങന്നൂര്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍, എസ്.ഐ അഭിലാഷ്, അജിത് ഖാന്‍,ഹരീഷ് ജിജോ സാം എന്നിവര്‍ക്ക് ആശ്വാസമായത്. പിന്നാലെ ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജ്, എസ്.ഐ. അലോഷ്യസ്, ഹരീന്ദ്രന്‍, എ.എസ്.ഐ ജയകുമാര്‍, സലിം, ഫൈസല്‍, മനു എന്നിവര്‍ അടങ്ങിയ സംഘം  ഇടപെടല്‍ നടത്തി.  1.3 കിലോ മാത്രം തൂക്കമുള്ള ആണ്‍കുട്ടിയെ ആദ്യം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

നവജാതശിശുവിന്റെയും സഹോദരന്റെയും ഫോട്ടോ, വീഡിയോ എന്നിവ സോഷ്യല്‍ മീഡിയ മുഖാന്തരം വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ശ്രദ്ധയും സംരക്ഷണവും ചികിത്സയും ഉറപ്പ് വരുത്തേണ്ട കുഞ്ഞിന്റെ സ്വകാര്യതയും രഹസ്യാത്മകതയും ബാലനീതി നിയമ പ്രകാരം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും പത്തനംതിട്ട സി.ഡബ്ല്യു.സി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് അറിയിച്ചു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടി നിലവിലുള്ളത്. കുഞ്ഞിന്റെ ഫോട്ടോ, വീഡിയോ മുതലായ കുട്ടിയെ തിരിച്ചറിയുന്ന ഏതൊരു വിവരവും പ്രചരിപ്പിക്കുന്ന സാഹചര്യം ശ്രദ്ധയില്‍ വന്നാല്‍ പരിശോധിച്ചു കേസ് എടുക്കുന്നതിന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

Advertisment