തിരുവനന്തപുരം: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രംഗത്ത്. വിവിധ സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും നടത്തിയ പരിശോധനയില്‍ 21 പേര്‍ക്കെതിരെ നടപടിയെടുത്തു.
50 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ഇതുവരെ 19,500 രൂപ പിഴയിനത്തില്‍ ഈടാക്കി.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനും ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നോഡല്‍ ഓഫീസറുമായി രൂപീകൃതമായ എന്‍ഫോഴ്‌സ്‌മെന്റ് സെക്രട്ടേറിയേറ്റില്‍ ജില്ലാ ശുചിത്വ മിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍, തദ്ദേ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി, പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഉദ്യോഗസ്ഥര്‍ എന്നിവരാണ് അംഗങ്ങള്‍.
മാലിന്യ സംസ്‌കരണ നിയമ ലംഘനങ്ങള്‍ കണ്ടെത്തല്‍, പരിശോധന നടത്തല്‍, നിരോധിത പ്ലാസ്റ്റിക്കുകളുടെ ഉപയോഗം, സംഭരണം, വില്‍പ്പന എന്നിവയ്‌ക്കെതിരെ നടപടി തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ ചുമതല.