കോട്ടയം നഗരത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത പിരിവ് സംഘങ്ങള്‍; പണം നല്‍കിയില്ലെങ്കില്‍ വിരട്ടലും വിലപേശലും ഭീഷണിയും 

author-image
neenu thodupuzha
New Update

കോട്ടയം: നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത പണപ്പിരിവുമായി സംഘങ്ങള്‍ വ്യാപകമാകുന്നു.

Advertisment

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന സംഘങ്ങള്‍ വ്യാപാരികളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായും പണം നല്‍കാത്തവര്‍ക്കെതിരെ ഗുണ്ടായിസം നടത്തുന്നതായും വ്യാജ പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

publive-image

കോട്ടയം നഗരമധ്യത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലും തിരുനക്കര മൈതാനത്ത് നടന്ന മേളയിലും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പണപ്പിരിവുമായി എത്തിയതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലാണ് കോട്ടയം നഗരത്തില്‍ ഒരു സംഘം അനധികൃത പിരിവുമായി രംഗത്തിറങ്ങുന്നത്. വ്യവസ്ഥാപിതമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ രസീത് അടിച്ച് പിരിവിനിറങ്ങുന്ന സംഘങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്ന തുക ലഭിച്ചില്ലെങ്കില്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തും.

ഇത്തരത്തില്‍ എതിര്‍ത്ത് നില്‍ക്കാന്‍ ശ്രമിക്കുന്ന വ്യാപാരികളുടെ കടകളില്‍ ഉപഭോക്താക്കളുള്ള സമയങ്ങളില്‍ എത്തി അക്രമം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുകയാണ്.

തിരുനക്കര ഉത്സവത്തിന്റെ ഭാഗമായി മൈതാനത്തൊരുക്കിയിരുന്ന വ്യവസായ മേളയിലും ഇത്തരത്തില്‍ പിരിവുമായി സംഘം എത്തിയിരുന്നു. ഇവിടെ താല്കാലിക കടകള്‍ ഒരുക്കിയ ആളുകളില്‍ നിന്നും പണം പിരിക്കുന്നതിനാണ് ഈ സംഘം സ്ഥലത്ത് എത്തിയത്.

അനധികൃതമായി പിരിച്ചെടുക്കുന്ന പണം ഈ സംഘം മദ്യപിക്കാനാണ് ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Advertisment