തൊടുപുഴ: ഹോട്ടലുടമയ്ക്കുനേരെ നടത്തിയ അക്രമം തടയുന്നതിനിടെ തൊഴിലാളിക്ക് അക്രമിയുടെ കുത്തേറ്റു. സംഭവത്തില്‍ മാരകായുധങ്ങളുമായി അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അക്രമം നടത്തിയ വണ്ടിപ്പെരിയാര്‍ അമ്പതാം മൈൽ സ്വദേശി മംഗലശേരില്‍ അനീഷ് തങ്കച്ച(27)നാണ് പോലീസിന്റെ പിടിയിലായത്.
തൊടുപുഴ കെ.എസ്.ആര്‍.ടി.സി. ടെന്‍മിനലിന് സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായ വയനാട് പുല്‍പ്പള്ളി സ്വദേശി സുരേഷ് ചന്ദ്ര(41)നാണ് കത്തിക്കുത്തില്‍ പരുക്കേറ്റത്.
അനീഷ് 10 ദിവസം മുമ്പ് വണ്ടിപ്പെരിയാറ്റില്‍ ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ച കേസിലെയും പ്രതിയാണ്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. മൂന്നുദിവസം മുമ്പാണ് അനീഷ് ജോലിതേടി തൊടുപുഴയിലെ ഹോട്ടലിലെത്തിയത്. പൊറോട്ടയടിക്കാന്‍ അറിയാമെന്ന് പറഞ്ഞ യുവാവിന് ഹോട്ടല്‍ ഉടമ ജോലിനല്‍കി.
ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ മുറി നല്‍കുകയും ചെയ്തു. ശനിയാഴ്ച ജോലിക്കെത്തിയ യുവാവ് ഞായറാഴ്ച രാവിലെ എത്തിയില്ല. ഇതോടെ ഹോട്ടല്‍ ഉടമ താമസ സ്ഥലത്തെത്തി ജോലിക്ക് വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് തയാറായില്ല. ഇതോടെ ഹോട്ടല്‍ ഉടമ യുവാവിനെ ജോലിയില്‍നിന്ന് പുറത്താക്കി മുറിയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു.
ഇതില്‍ പ്രകോപിതനായ യുവാവ് ഹോട്ടലിലെത്തി ഉടമയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ബഹളമായതോടെ ഹോട്ടലിലെ ജീവനക്കാരനായ സുരേഷ് യുവാവിനെ പിടിച്ചുമാറ്റി ഹോട്ടലിന് പുറത്തെത്തിക്കാന്‍ ശ്രമിച്ചു. ഇതിനിടെ കൈയില്‍ കരുതിയിരുന്ന ബാഗില്‍നിന്നും കഠാരയെടുത്ത് യുവാവ് സുരേഷിന്റെ വലതുെകെയില്‍ കുത്തി.
കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞ് രക്തമൊഴുകിയ സുരേഷിനെ ഹോട്ടലുടമയും മറ്റു ജീവനക്കാരും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ കൈയില്‍ 12 തുന്നലുകളുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് പിടിച്ചുവച്ചു. തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തി കൈമാറി.
പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ബാഗില്‍നിന്ന് ഒരു കഠാര, എയര്‍ഗണ്‍, സൈലന്‍സര്‍, രണ്ട് കുരുമുളക് സ്‌പ്രേ, രണ്ട് മൊെബെല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തി. പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷ പെട്രോളൊഴിച്ച് തീവെച്ച കേസിലും യുവാവ് പ്രതിയാണെന്ന് സമ്മതിച്ചത്. ഓട്ടോറിക്ഷയ്ക്ക് തീയിട്ട സംഭവത്തിനുശേഷമാണ് യുവാവ് ജോലിതേടി തൊടുപുഴയില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.
സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിനാണ് യുവാവിനെതിരെ കേസെടുത്തി രിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.