മാവേലിക്കര: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ അധ്യാപകനും സി.പി.എം. നേതാവുമായ എസ്.ശ്രീജിത്തിനെ സഹായിക്കാനായി ഇടപെട്ട സി.പി.എം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.
സി.പി.എം ഏരിയാ കമ്മിറ്റിയംഗവും സി.ഐ.ടി.യു നേതാവുമായ ആര്‍.ഹരിദാസന്‍നായര്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ എന്‍.ഇന്ദിരാദാസ്, സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്. സുനില്‍കുമാര്‍, ലോക്കല്‍ കമ്മിറ്റിയംഗം ജി. രാജു എന്നിവര്‍ക്കാണ് പാര്‍ട്ടി ഏരിയാ കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
അമ്പലപ്പുഴയിലെ എയ്ഡഡ് ടി.ടി.ഐയിലെ അധ്യാപകനായിരുന്ന ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റിയംഗവുമായ കൈതവടക്ക് ശ്രീഭവനില്‍ എസ്.ശ്രീജിത്തിനെ നാലു വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് ആദ്യം അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെ ഇടപെടുകയും പരാതിക്കാരെ സ്വാധീനിക്കുകയും ചെയ്തതായ ആക്ഷേപത്തിലാണ് നേതൃത്വം നാലു പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. പരാതിക്കാരുടെ വീട്ടിലെത്തിയ പ്രാദേശിക നേതാക്കന്മാര്‍ അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്താനും ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേസ് കോടതിയില്‍ എത്തിയപ്പോള്‍ ജാമ്യവും ലഭിച്ചു.
ഇതിനു ശേഷം മറ്റൊരു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പുന്നപ്രാ പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതോടെയാണ് റിമാന്‍ഡിലായത്. രണ്ടാമതും അറസ്റ്റിലായപ്പോള്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയതിനും സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. ഇതേ സമയം റിമാന്‍ഡിലായിരുന്ന ശ്രീജിത്തിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു.