മുംബൈ: ലണ്ടന്‍-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിച്ച യുവാവ് അറസ്റ്റില്‍. അമേരിക്കയില്‍ ജോലി ചെയ്യുന്ന രത്‌നാകര്‍ ദിവേദിയാണ് അറസ്റ്റിലായത്.
ലണ്ടനില്‍ നിന്നുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച യുവാവ് ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാരോട് കയര്‍ക്കുകയായിരുന്നു. അക്രമാസ്‌കനാകുകയും എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും യാത്രക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇയാളെ ശാന്തമാക്കാന്‍ രണ്ട് ഇന്‍ജെക്ഷനുകള്‍ നല്‍കേണ്ടി വന്നെന്നും അധികൃതര്‍ പറഞ്ഞു. വിമാനം മുംബൈയില്‍ ഇറങ്ങിയതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാന്‍ രക്ത സാമ്പിള്‍ അയച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബാഗില്‍ വെടിയുണ്ടയെന്ന് ഇയാള്‍ പറഞ്ഞതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഗീത പരിപാടിക്കായി മുംബൈയില്‍ പോകുന്നെന്ന് പറഞ്ഞ ഇയാളോട് പാട്ടു പാടാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പാടിയില്ല. മരുന്നു കഴിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറയുകയും ബാഗ് പരിശോധനയില്‍ മരുന്നൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട രത്‌നാകര്‍ ദിവേദിയോട് ഇന്ന് അന്തേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.