ചാരുംമൂട് : പ്രദേശത്ത് കാട്ടുപന്നി ശല്യം വ്യാപകമാവുന്നു. താമരക്കുളം ഗുരുനാഥന്‍ കുളങ്ങരയില്‍ കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. പാലമേല്‍ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലാണ് രണ്ട് വര്‍ഷം മുമ്പ് കാട്ടുപന്നി ശല്യം ഉണ്ടായത്.
ഇപ്പോള്‍ നൂറനാട്, താമരക്കുളം, വള്ളികുന്നം, ചുനക്കര ഗ്രാമ പഞ്ചായത്തുകളിലും പന്നി ശല്യം രൂക്ഷമായിരിക്കുകമാണ്. പകല്‍ കാടുകയറിയ സ്ഥലങ്ങളില്‍ തങ്ങുകയും രാത്രികാലങ്ങളില്‍ കൂട്ടത്തോടെയിറങ്ങി കൃഷി നശിപ്പിക്കുകയുമാണ് പതിവ്. കര്‍ഷകര്‍ പല പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും ഫലമില്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം രാത്രി താമരക്കുളം ഗുരുനാഥന്‍കുളങ്ങരയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തുന്നത് നാട്ടുകാര്‍ കണ്ടു.ചുനക്കര പഞ്ചായത്തില്‍ പെരുവേലില്‍ച്ചാല്‍ ഭാഗങ്ങളിലും കാട്ടുപന്നികള്‍ കൂട്ടത്തോടെ ഇറങ്ങിയിരുന്നു. ചത്തിയറ അഞ്ജലിയില്‍ അനില്‍കുമാറിന്റെ പുരയിടത്തില്‍ നട്ടിരുന്ന തൈവാഴകളടക്കം കുത്തിമറിച്ചു നശിപ്പിച്ചു. മിക്ക ദിവസങ്ങളിലും പന്നികളെത്തി കരകൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. അടിയന്തിര പരിഹാര നടപടികള്‍ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.