ബീജിങ്: തയ്‌വാന്‍ കടലിടുക്കില്‍ ചൈനയുടെ സൈനികാഭ്യാസം തുടരവെ പ്രകോപനവുമായി ദക്ഷിണ ചൈന കടലില്‍ നിലയുറപ്പിച്ച് അമേരിക്കന്‍ നാവികസേന. ചൈനയുടെ സൈനികാഭ്യാസം തുടങ്ങി മൂന്നാം ദിവസമാണ് യു.എസ്. നാവികസേന മിസൈല്‍ പ്രതിരോധ ഉപകരണങ്ങളുമായി ദക്ഷിണ ചൈന കടലിലെത്തിയത്.
ദക്ഷിണ ചൈന കടലിലെ യു.എസ്. സൈനിക സാന്നിധ്യം തങ്ങളുടെ അതിര്‍ത്തിയിലേക്കും പരമാധികാരത്തിലേക്കുമുള്ള കടന്നു കയറലാണെന്ന് ചൈന പ്രതികരിച്ചു. ദേശീയ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാനായി ചൈനീസ് സേന ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ദക്ഷിണ കമാന്‍ഡ് വക്താവ് ടിയാന്‍ ജൂന്‍ലി പറഞ്ഞു.
മൂന്നു ദിവസം നീണ്ട ചൈനയുടെ നാവികാഭ്യാസം തിങ്കളാഴ്ച്ച സമാപിച്ചു. തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്‌വെന്‍ കലിഫോര്‍ണിയയില്‍ അമേരിക്കന്‍ പ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തി തിരിച്ചെത്തിയതിന് പിന്നാലെയാണ് ചൈന പരിശീലനം തുടങ്ങിയത്. ചൈന രാജ്യത്തിന്റെ ഭാഗമായി കരുതുന്ന പ്രദേശമാണ് തയ്‌വാന്‍.