ബീജിങ്: വൈരാഗ്യത്തെത്തുടര്‍ന്ന് അയല്‍ക്കാരന്റെ കോഴികളെ കൊന്ന സംഭവത്തില്‍ പ്രതിക്ക് ആറ് മാസം തടവ് ശിക്ഷ.
അയല്‍വാസിയായ സാംഗ് എന്നയാളുടെ ഫാമിലെ 1,100 കോഴികളെ പേടിപ്പിച്ച് കൊന്ന ഗൂ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. ന്യൂയോര്‍ക്ക് പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഹെങ്യാങ് കൗണ്ടിയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗു മനഃപൂര്‍വം കോഴികളെ കൊല്ലുകയായിരുന്നെന്നും ഇതിലൂടെ ഉടമയ്ക്ക് മനഃപൂര്‍വ്വം സാമ്പത്തിക നഷ്ടമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും കോടതി വിലയിരുത്തി.
2022 ഏപ്രില്‍ മുതലാണ് അയല്‍ക്കാരായ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സോംഗ് അനുവാദമില്ലാതെ ഗൂവിന്റെ മരങ്ങള്‍ മുറിച്ച് മാറ്റിയത് പകയ്ക്ക് കാരണമായി. ഇരുവരും തമ്മിലുള്ള വഴക്കിന്റെ ഭാഗമായി ഗൂ ഫാമില്‍ രണ്ട് തവണയായി അതിക്രമിച്ച് കയറി 1,100 കോഴികളെ കൊല്ലുകയായിരുന്നു.
ഫാമിലെ കോഴികള്‍ക്ക് നേരെ ശക്തമായ ഫ്‌ളാഷ് ലൈറ്റ് അടിച്ചതോടെ കോഴികള്‍ പരിഭ്രാന്തരായി ഓടുകയും പരസ്പരം കൊത്തിച്ചാകുകയുമായിരുന്നു.
ഗൂ മുന്‍പും കൊഴികളെ കൊന്നിരുന്നു. 460 കോഴികളെ കൊന്ന സംഭവത്തില്‍ ഇയാള്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. അന്ന്, 3,000 യുവാവ് (35,734 രൂപ) സോംഗിന് നഷ്ടപരിഹാരം നല്‍കിയാണ് കേസില്‍ നിന്ന് രക്ഷപ്പെട്ടത്. ഈ സംഭവമാണ് ഗൂവിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. വീണ്ടും കോഴി ഫാമില്‍ എത്തിയ ഗൂ ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ച് 640 കോഴികളെ കൂടി കൊല്ലുകയായിരുന്നു. ചത്ത 1100 കോഴികള്‍ക്ക് ഏകദേശം 13,840 യുവാന്‍ (1,64,855 രൂപ) വില വരുമെന്ന് അധികൃതര്‍ പറഞ്ഞു.