അടിമാലി: ദേശീയപാതയില്‍ കാര്‍ പുഴയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരുക്ക്. കല്ലാര്‍ വട്ടിയാര്‍ അരുകത്ത് വടക്കേപുത്തന്‍പുരയില്‍ ബിജു (42), മാതാവ് സരോജിനി (52), ബിജുവിന്റെ ഭാര്യ ദിവ്യ (37), മക്കളായ അഞ്ജലി (13), അനാമിക (7) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പൊറ്റാസ് ഫാമിനു സമീപം ഇന്നലെ െവെകിട്ട് 3.45 നാണ് അപകടം നടന്നത്. തിങ്കളാഴ്ച രാവിലെ തൊടുപുഴ ആശുപത്രിയിലെത്തിയ ബിജുവും കുടുംബവും തിരികെ കല്ലാറിലെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം.
നിയന്ത്രണംവിട്ട കാര്‍ എതിര്‍ദിശയിലെ ഈറ്റക്കാടുകള്‍ക്കിടയിലൂടെ 20 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. സമീപത്തുനിന്ന പ്ലാവില്‍ ഇടിച്ചകാര്‍ നിശേഷം തകര്‍ന്ന നിലയിലാണ്. ഈറ്റക്കാടുകളും മരങ്ങളും നിന്നതുമൂലമാണ് ദുരന്തം ഒഴിവായത്.
സമീപത്തുള്ള വ്യാപാരികളും നാട്ടുകാരും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചു. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഈറ്റക്കാടിനുള്ളിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.
അപകടത്തില്‍ പെട്ടവരെ കരയ്‌ക്കെത്തിച്ച് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കേറ്റ മുറിവിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി അനാമികയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റാരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.