മൈലപ്ര: മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിനും പഞ്ചായത്ത് െലെസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ഹോട്ടല്‍ അടപ്പിച്ചു. ഉടമയ്ക്ക് പിഴ ചുമത്തി. ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന മാതാ ഹോട്ടലാണ് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത്.
പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നുള്ള മലിന ജലം ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയിരുന്നു.
ഒരാഴ്ചയ്ക്കകം പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്ന് കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയിലും മലിനജലം ഓടയിലേക്ക് തന്നെ ഒഴുക്കുന്നതായി കാണുകയും ഈ വിവരങ്ങള്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
പഞ്ചായത്ത് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. പിഴത്തുകയായി 10,000 രൂപ അടയ്ക്കുന്നതിനുള്ള നോട്ടീസ് പഞ്ചായത്ത് സെക്രട്ടറി ഹോട്ടല്‍ ഉടമയ്ക്ക് നല്‍കി. ഹോട്ടല്‍ അടച്ചു പൂട്ടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.