തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ജെ.ഡി.എസ്; കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ടു ലക്ഷം സമ്മാനം!

author-image
neenu thodupuzha
New Update

കോലാര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോഹന വാഗ്ദാനവുമായി മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.

Advertisment

കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്നാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം.

കോലാറില്‍ ''പഞ്ചരത്‌ന'' റാലിയില്‍ സംസാരിക്കവേയാണ് കുമാരസ്വാമി വാഗ്ദാനപ്പെരുമഴ പെയ്യിച്ചത്. കര്‍ഷകപുത്രന്മാരുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നല്‍കുമെന്ന് കുമാരസ്വാമി പറഞ്ഞു.

publive-image

കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയാറല്ലെന്ന് വ്യാപകമായി പരാതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പലരും തനിക്ക് നിവേദനവും നല്‍കി.

സംസ്ഥാനത്ത് ജെ.ഡി.എസ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍, കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കും. നമ്മുടെ ആണ്‍കുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പദ്ധതികളിലൊന്നാണിതെന്നും കുമാരസ്വാമി പറഞ്ഞു.

മേയ് 10ന് ഒറ്റഘട്ടമായാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. മേയ് 13ന് ഫലം പ്രഖ്യാപിക്കും. 224 അംഗ നിയമസഭയില്‍ 123 സീറ്റെങ്കിലും നേടുകയെന്ന ലക്ഷ്യത്തോടെയാണ് ജെ.ഡി.എസിന്റെ നീക്കം. 93 സീറ്റിലേക്കുള്ള ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment