മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍ 

author-image
neenu thodupuzha
New Update

നെടുങ്കണ്ടം: ജോലി വാഗ്ദാനം ചെയ്ത് അനധികൃതമായി യുവാക്കളെ മലേഷ്യയിലേക്ക് കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശി കുന്നീരുവിള അഗസ്റ്റിനാണ് അറസ്റ്റിലായത്.

Advertisment

മലേഷ്യയില്‍ കുടുങ്ങി കിടക്കുന്ന മലയാളി യുവാക്കളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. മലേഷ്യയില്‍ ജോലിയും വിസയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു അഗസ്റ്റിന്‍ തട്ടിപ്പ് നടത്തിയത്.

publive-image

ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലേയും തമിഴ്‌നാട്ടിലേയും യുവാക്കള്‍ തട്ടിപ്പിന് ഇരയായതായാണ് സൂചന. നെടുങ്കണ്ടം സ്വദേശികളായ, നാല് യുവാക്കളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അഗസ്റ്റിനെ പോലിസ് അറസ്റ്റ് ചെയ്തത്.

ഈ യുവാക്കള്‍ നിലവില്‍ മലേഷ്യയില്‍ കുടുങ്ങി കിടക്കുകയാണ്. 80,000 രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത്, അഗസ്റ്റിന്‍ യുവാക്കളില്‍നിന്ന് ഒരു ലക്ഷം രൂപ മുതല്‍ രണ്ടുലക്ഷം രൂപ വരെ വാങ്ങിയിരുന്നു.

പിന്നീട് പല ഗ്രൂപ്പുകളായി ഇവരെ, തായ്‌ലന്റില്‍ എത്തിക്കുകയിരുന്നു. തായ്‌ലാന്റില്‍ എത്തുമ്പോള്‍ വിസ ലഭ്യമാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ രഹസ്യമാര്‍ഗങ്ങളിലൂടെയാണ് ഇവരെ തായ്‌ലന്റില്‍നിന്നും മലേഷ്യയില്‍ എത്തിച്ചത്. കാട്ടിലൂടെ മണിക്കൂറുകള്‍ നടത്തിയും, ബോട്ട് മാര്‍ഗവും ഒക്കെയാണ് യുവാക്കളെ തായ്‌ലന്റില്‍നിന്നും മലേഷ്യയില്‍ എത്തിച്ചത്. ഇവരില്‍ ആറുപേര്‍ പിന്നീട് തായ്‌ലന്റില്‍ തിരിച്ചെത്തുകയും സര്‍ക്കാര്‍ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

നിരവധി യുവാക്കള്‍, ഇനിയും കുടുങ്ങി കിടക്കുന്നതായാണ് ബന്ധുക്കളുടെ പരാതി. തുശ്ചമായ ശമ്പളത്തിലാണ് ഇവര്‍ നിലവില്‍ ജോലി ചെയ്യുന്നത്. പാസ്‌പോര്‍ട്ട് അടക്കം പിടിച്ച് വെച്ചിരിയ്ക്കുന്നതിനാല്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ സഹായവും തേടാനാവുന്നില്ല. ബന്ധുക്കളുടെ പരാതിയില്‍, പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Advertisment