കട്ടപ്പന: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി അറസ്റ്റിലായ യുവാവിനെ ജാമ്യത്തിലിറങ്ങിയശേഷം കാണാതായതായി പരാതി.
കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടി(24)നെയാണ് ചൊവ്വാഴ്ച എക്‌സൈസ് സംഘം എം.ഡി.എം.എയുമായി പിടികൂടിയത്. കട്ടപ്പനയില്‍ എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.കെ. സുരേഷും സംഘവും ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാളില്‍ നിന്നും 150 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ജോ മാര്‍ട്ടിന്‍ വീട്ടിലെത്തിയെങ്കിലും രാത്രിയില്‍ പവര്‍ബാങ്ക് കാറിലാണെന്ന് പറഞ്ഞ് ഇതെടുക്കാന്‍ വാഹനത്തിലേക്കുപോയി. പിന്നീട് മൊെബെല്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു.
ഇയാളുടെ വാഹനം ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയില്‍നിന്നും കണ്ടെടുത്തി. കേസില്‍ താന്‍ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി സൂചനയുണ്ട്.
പോലീസും അഗ്നി രക്ഷാസേനയും ജലാശയത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തി. തിരച്ചില്‍ ഇന്നും തുടരും.