കട്ടപ്പന: താലൂക്ക് ആശുപത്രിയില്‍ അതിക്രമം കാട്ടിയ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. നഗരത്തിലെ ഹോട്ടല്‍ ജീവനക്കാരനായ കോതനല്ലൂര്‍ പുളിയേരത്തേല്‍ പി.കെ. ബിജു(51)വാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
/sathyam/media/post_attachments/saqYg0UK4uEBd3FWnHiT.jpg)
കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ഇയാള്‍ അതിക്രമം കാട്ടിയത്. സെക്യൂരിറ്റി ജീവനക്കാരനായ സോമനെ കല്ലെറിഞ്ഞ് പരുക്കേല്‍പ്പിക്കുകയും വനിതാ ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയുടെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. 11നായിരുന്നു സംഭവം.
മദ്യപിച്ചു ആശുപത്രിയില്‍ എത്തിയ ബിജു തന്നെ അഡ്മിറ്റ് ചെയ്യണമെന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. മരുന്ന് നല്‍കാമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും അഡ്മിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാള്‍ അതിക്രമം കാട്ടുകയായിരുന്നു.
ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ സോമനെ ആക്രമിക്കുകയും ആശുപത്രിക്കു മുന്‍പിലെ ചെടിച്ചട്ടികള്‍ ഉള്‍പ്പെടെ തകര്‍ക്കുകയും ചെയ്തു. ചെടിച്ചട്ടിയെടുത്ത് സോമനെ ആക്രമിക്കാന്‍ തുടങ്ങിയെങ്കിലും അത് ഒഴിവാക്കി.
തുടര്‍ന്ന് മറ്റൊരു ചെടിച്ചട്ടിയെടുത്ത് എറിഞ്ഞു. സോമന്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറിയതോടെ കല്ലെടുത്ത് എറിഞ്ഞ് പരുക്കേല്‍പ്പിക്കുകയായിരുന്നു. എസ്.ഐ കെ. ദിലീപ്കുമാര്‍, എസ്.ഐ സജി, എ.എസ്.ഐ ടെസിമോള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.