11 മാസത്തിനിടെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായത് 86 സ്ത്രീകള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, December 7, 2019

ഡല്‍ഹി : ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഉന്നാവില്‍ 86 സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്. 186 ലൈംഗിക അതിക്രമക്കേസുകളും ഇതെ കാലയളവില്‍ ഉന്നാവില്‍ രജിസ്ട്രര്‍ ചെയ്തു.

ശക്തമായ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ പ്രാദേശിക തലത്തില്‍ സ്വാധിനമുള്ള കുറ്റവാളികളെ നിയന്ത്രിയ്ക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വസ്തുത. നിയമവാഴ്ചയുള്ള പരിഷ്‌ക്യത സമൂഹത്തില്‍ ഉന്നാവ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ സ്ഥിരം തുരുത്താവുകയാണ്. ജനാധിപത്യ സംവിധാനത്തിന് മേല്‍ കൈയ്യൂക്കും സംഘബലവും വാഴുന്ന ഇടമായ് ഉന്നാവ് മാറി.

ഉന്നാവിലെ എംഎല്‍എ അടക്കമുള്ള സമൂഹത്തിലെ പ്രമാണിമാരാണ് എല്ലാ അതിക്രമ പരമ്പരകള്‍ക്കും പിന്നിലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇരകളായവര്‍ നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടത്തെ ഇല്ലാതാക്കാന്‍ കുറ്റവാളികള്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ അതിക്രമങ്ങളും ഉന്നാവില്‍ സധാരണ സംഭവം മാത്രമായിരുക്കുകയാണ്. വാഹനം ഇടിച്ച് ഇരയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും മണ്ണെണ്ണ ഒഴിച്ച് യുവതിയെ കത്തിച്ചതും ഉദാഹരണങ്ങള്‍.

ഉന്നാവില്‍ ആകെ ഉള്ളത് 31 ലക്ഷം ജനങ്ങളാണ്. തലസ്ഥാനമായ ലക്‌നൗവില്‍ നിന്നും 63 കിലോമീറ്ററും കാണ്‍പൂരില്‍ നിന്നും 25 കിലോമീറ്ററും അകലെയാണ് ഉന്നാവ് സ്ഥിതി ചെയ്യുന്നത്.

×