തൊടുപുഴ: ഒരു പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി 'ചാത്തനേറ്' നടത്തിയ പതിനാലുകാരനെ നാട്ടുകാര്‍ പിടികൂടി. പോലീസ് എത്തിയെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയെ കേസെടുക്കാതെ വിട്ടു. മണക്കാട് പഞ്ചായത്തിലെ പുതുപ്പരിയാരം ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം.
രണ്ടാഴ്ചയായി ഇവിടെയുള്ള ഒരു വീട്ടിലേക്ക് പതിവായി രാത്രി സമയത്ത് കല്ല് വന്ന് വീഴാന്‍ തുടങ്ങിയതോടെ ആദ്യം വീട്ടുകാരും പിന്നീട് നാട്ടുകാരും ചേര്‍ന്ന് ആളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. പല ദിവസവും രാത്രി 9 നും 12 നും ഇടയ്ക്കാണ് ചാത്തനേറ് നടന്നിരുന്നത്.
എന്നാല്‍, വീടിന് നാശമൊന്നുമുണ്ടായില്ല. ചാത്തനേറ് നടത്തുന്നയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വിവരം പോലീസിലും അറിയിച്ചു. രാത്രി പോലീസും ഈ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
അവസാനം കഴിഞ്ഞ ദിവസം രാത്രി കല്ലേറ് നടത്തിയ ആളെ നാട്ടുകാര്‍ ഉറക്കമിളച്ചിരുന്ന് കൈയ്യോടെ പിടികൂടുകയായിരുന്നു. പോലീസ് എത്തിയെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് എടുക്കാനായില്ല. അവസാനം കൗണ്‍സിലിങ് നടത്തി ഏറുകാരനെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.