പാട്‌ന: ബിഹാറില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരായ യുവാക്കളുമായി പ്രണയത്തിലായിരുന്ന പെണ്‍മക്കളെ ദമ്പതികള്‍ കൊലപ്പെടുത്തി. പതിനെട്ടും പതിനാറും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.
ബിഹാറിലെ ഹാജിപൂരിലാണ് സംഭവം. ഹാജിപൂര്‍ സ്വദേശികളായ റിങ്കു ദേവിയും ഭര്‍ത്താവ് നരേഷ് ബൈത്തയും ചേര്‍ന്നാണ് സ്വന്തം മക്കളെ കൊന്നത്. മക്കള്‍ ഉറങ്ങിടക്കുമ്പോഴാണ് കൊലപാതകം നടത്തിയതെന്ന് റിങ്കുദേവി പോലീസിനോട് സമ്മതിച്ചു.
കൊലപാതക വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ റിങ്കു ദേവി മക്കളുടെ മൃതദേഹത്തിന് അരികെ ഇരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപെട്ട ഭര്‍ത്താവ് നരേഷ് ബൈത്തക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
അന്യജാതിക്കാരായ യുവാക്കളുമായി രണ്ട് മക്കളും പ്രണയത്തിലായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ റിങ്കു ദേവി പറഞ്ഞു. തന്റെയോ ഭര്‍ത്താവിന്റെയോ അനുവാദത്തിന് കാത്തുനില്‍ക്കാതെ മക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് പതിവായിരുന്നുവെന്നും മക്കളുടെ പ്രണയബന്ധത്തോടുള്ള എതിര്‍പ്പാണ് കൊലപാതകത്തിന് കാരണമെന്നും റിങ്കു ദേവി മൊഴി നൽകി.
ഭര്‍ത്താവ് നരേഷ് തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് റിങ്കു ദേവി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ റിങ്കുദേവിയും കുറ്റസമ്മതം നടത്തുകയായിരുന്നു.