അടൂര്‍: ദൂരൂഹ സാഹചര്യത്തില്‍ പരുക്കേറ്റുള്ള വയോധികന്റെ മരണം കൊലപാതകം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് കുന്നത്തുകര ചിറവരമ്പേല്‍ സുധാകര(65)നാണ് മരിച്ചത്.
സംഭവത്തിൽ മുണ്ടപ്പള്ളി കാവട വീട്ടില്‍ അനിലി(40) നെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 24 നാണ് കേസിനാസ്പദമായ സംഭവം. ഗുരുതര പരുക്കുകളോടെ സുധാകരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 11ന് ഇദ്ദേഹം മരിച്ചു.
ഇതിനിടെ രണ്ടാമത്തെ മകള്‍ക്ക് തോന്നിയ സംശയമാണ് അനിലിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് പോലീസിനെ എത്തിച്ചത്. പിതാവിന് പരുക്കേറ്റത് സംബന്ധിച്ച് സംശയമുണ്ടെന്നും സംഭവ ദിവസം അനിലും സുധാകരനും തമ്മില്‍ തര്‍ക്കമുണ്ടായതായും മകളുടെ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സുധാകരന്‍ അനിലിന്റെ പറമ്പില്‍ കൃഷിപ്പണിക്ക് പോകുന്ന പതിവുണ്ട്. സംഭവ ദിവസം ഇരുവരും പണിക്ക് ശേഷം ഒരുമിച്ചിരുന്ന് മദ്യപിക്കുകയും കൂലി സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും ചെയ്തു. വാക്കേറ്റം അടിപിടിയായി. അനില്‍ സുധാകരനെ ക്രൂരമായി മര്‍ദിച്ചു.
മണ്‍വെട്ടിയും കസേരയും മര്‍ദനത്തിന് ഉപയോഗിച്ചു. മര്‍ദനത്തില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണത്തിന് കാരണമായത്. സുധാകരനെ മര്‍ദിച്ച് അവശനാക്കിയ ശേഷം അനില്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പട്ടു. ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശ പ്രകാരം ഡിെവെ.എസ്.പി ആര്‍.ജയരാജിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ രഹസ്യമായി നിരീക്ഷിച്ചു. സമീപവാസികളോടും ബന്ധുക്കളോടും മറ്റും അന്വേഷണം നടത്തി. വെള്ളിയാഴ്ച രാത്രിയില്‍ അനിലിനെ കസ്റ്റഡിയില്‍ എടുത്തു.
ജില്ലാ പോലീസ് ഫോറന്‍സിക് വിഭാഗം, സയന്റിഫിക് വിഭാഗം, ഫിംഗര്‍ പ്രിന്റ് യൂണിറ്റ്, പോലീസ് ഫോട്ടോഗ്രാഫര്‍, ഡോഗ് സ്‌ക്വാഡ് എന്നീ സംഘങ്ങള്‍ സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. മര്‍ദനത്തിന് ഉപയോഗിച്ച മണ്‍വെട്ടിയും കസേരയും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.