പന്തളം: നിയന്ത്രണംവിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി. ഇരുനില കെട്ടിടം ഭാഗികമായി തകര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപം തോന്നല്ലൂര്‍ കാവില്‍ കൃഷ്ണപിള്ളയുടെ ഉടമസ്ഥതത്തിലുള്ള ബഹുനില കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ഞായറാഴ്ച രാവിലെ 7.30നായിരുന്നു അപകടം.
നാഷണൽ ഹൈവേ നിര്‍മാണത്തിനുള്ള മണ്ണുമായി പോവുകയായിരുന്ന ടോറസ് റോഡിന് ഇടതുവശത്തേക്കുള്ള കെട്ടിടത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന രശ്മി ടൂവീലര്‍ വര്‍ഷോപ്പ് ഉടമ മങ്ങാരം കുന്നിക്കുഴി കിഴക്കേതില്‍ രമേശനും വാഹനം നന്നാക്കാനായി എത്തിയ പടനിലം സ്വദേശി വിനോദും വര്‍ഷോപ്പിലുണ്ടായിരുന്നു.
തൊട്ടടുത്ത മുറിയില്‍ ലോറി ഇടിച്ചു കയറിയതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് മേല്‍ക്കൂര ഉള്‍പ്പെടെ നീങ്ങി കെട്ടിടത്തിന്റെ എല്ലാ വശത്തും ഭിത്തിയില്‍ ഉടനീളം വിള്ളലും രൂപപ്പെട്ടു.
സമീപത്ത് തട്ടുകട തുറക്കാതിരുന്നതും തിരക്കില്ലാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന ബൈക്കുകള്‍ക്കും കേടു സംഭവിച്ചിട്ടുണ്ട്.