കൊച്ചി: നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പിലെ വീഴ്ച്ച സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമർപ്പിക്കുമെന്ന് എറണാകുളം ഡിഎംഒ എസ്. ശ്രീദേവി പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്‌റോട് നിര്‍ദ്ദേശിച്ചിരുന്നു. എട്ടു ദിവസം പ്രായമുള്ള കുട്ടിക്ക് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് വാക്‌സിന്‍ മാറി നല്‍കിയെന്ന് ആരോപിച്ച് കുടുംബം ആരോഗ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയിരുന്നു. ആദ്യം നല്‍കേണ്ട ഡോസിന് പകരം രണ്ടാമത്തെ ഡോസ് നല്‍കിയെന്നാണ് പരാതി.
വാക്‌സിന്‍ നല്‍കിയ വിവരങ്ങള്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയപ്പോഴാണ് വാക്‌സിന്‍ മാറിയെന്ന് മനസിലായത്. തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങളില്ല.
വാക്‌സിന്‍ മാറിയെന്ന് ആരോഗ്യ വകുപ്പും സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.