ഖാര്‍ത്തൂം: സൈന്യവും അര്‍ധസൈനിക വിഭാഗവുമായുള്ള ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ 56 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. ഞായര്‍ പുലര്‍ച്ചെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഇരു വിഭാഗവും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി.
പ്രധാന വിമാനത്താവളമടക്കം നിയന്ത്രണത്തിലാക്കിയെന്ന് അവകാശപ്പെട്ട അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെ കേന്ദ്രങ്ങളില്‍ സൈന്യം തുടര്‍ച്ചയായി വ്യോമാക്രമണം നടത്തി.
സംഘര്‍ഷം അവസാനിക്കുന്നതുവരെ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പല വീടുകളും ഭാഗികമായി തകര്‍ന്നു. റിയാദിലേക്ക് പുറപ്പെടാനിരിക്കെ സൗദി വിമാനത്തിന് ഖാര്‍ത്തൂമില്‍വച്ച് വെടിയേറ്റു.
ഇതോടെ പല രാജ്യങ്ങളും സുഡാനിലേക്കുള്ള സര്‍വീസ് നിര്‍ത്തി. റോഡ് ഗതാഗതം പൂര്‍ണമായി നിലച്ചു. നഗരത്തില്‍ കലാപകാരികള്‍ നടത്തിയ വെടിവയ്പ്പില്‍ വന്‍ പുക ഉയര്‍ന്നു. യു.എന്‍. ഭക്ഷ്യ ഏജന്‍സിയിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍. വ്യകത്മാക്കി. ഏജന്‍സി സുഡാനില്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി.