വര്‍ക്കല: വീടിന്റെ ഓടിളക്കി അകത്തു കടന്ന് അലമാര പൊളിച്ച് ആറരപ്പവന്‍ ആഭരണവും 24,000 രൂപയും കവര്‍ന്ന കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍.
ആലപ്പുഴ കോടംതുരുത്ത് ചന്തിരൂരില്‍ കാഞ്ഞിരപ്പുറത്ത് ചിറയില്‍ ഹൗസില്‍ മനോഷ് (27), വര്‍ക്കല വെട്ടൂര്‍ വെന്നിക്കോട് മുനിക്കുന്ന് ലക്ഷംവീട്ടില്‍ അരുണ്‍ (26) എന്നിവരാണ് പിടിയിലായത്. 11ന് പുലര്‍ച്ചെ 3.30നാണ് സംഭവം.
ഇടവ വെണ്‍കുളം തുണ്ടന്‍വിളാകത്ത് 72കാരനായ രാജേന്ദ്ര പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇയാളുടെ ഭാര്യ ശകുന്തളയും ചെറുമകനും ആശുപത്രിയിലായിരുന്നു. പുലര്‍ച്ചെ വീടിനകത്ത് ശബ്ദം കേട്ട് നോക്കിയപ്പോള്‍ മുന്‍വാതിലിലൂടെ ആരോ ഓടുന്നത് കണ്ടെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
സംഭവത്തില്‍ അയിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടയില്‍ സമാനമായ മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.