അഹമ്മദാബാദ്: ഗില്ലറ്റിന്‍ പോലുള്ള ബ്ലേഡ് ഉപയോഗിച്ച് തല വെട്ടിമാറ്റി ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ശിരസ് ഛേദിക്കാനുള്ള യന്ത്രം ഇവര്‍ വീട്ടില്‍ത്തന്നെ നിര്‍മിച്ചതെന്നും ബലി നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇവര്‍ താമസിക്കുന്നിടത്തു നിന്ന് കിട്ടിയ കുറിപ്പിലാണ് ബലി നല്‍കിയതാണെന്ന വിവരം പറഞ്ഞിരിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ടു മക്കളുമുണ്ട്. ഇതിനായി ഇവര്‍ അഗ്നികുണ്ഠം തയാറാക്കിയിരുന്നു. കയറില്‍ കെട്ടിയ നിലയിലായിരുന്നു മെഷീന്‍.
കയര്‍ വിടുമ്പോള്‍ തന്നെ മെഷീനിലെ ബ്ലേഡ് തല വെട്ടിമാറ്റുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു. പോലീസിനെ ബന്ധുക്കളാണ് വിവരമറിയിച്ചത്.
ഒരു വര്‍ഷമായി ദമ്പതികള്‍ എല്ലാ ദിവസവും പ്രാര്‍ത്ഥന നടത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.