അമ്പലപ്പുഴ:ഉത്സവത്തിന് ശേഷം നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വീടു കയറി ആക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്ക്. സംഭവമറിഞ്ഞെത്തിയ പോലീസിനു നേരെയും ആക്രമണം.
നീര്‍ക്കുന്നം പടിഞ്ഞാറ് അയോധ്യാ നഗറിലായിരുന്നു സംഭവം. നീര്‍ക്കുന്നം കളപ്പുരക്കല്‍ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലിക്കു ശേഷം പ്രദേശവാസിയായ ബി.ജെ.പി. പ്രവര്‍ത്തകന്‍ സച്ചിനും സി.പി.എം. പ്രവര്‍ത്തകന്‍ അജി ലാലുമായി സംഘര്‍ഷം നടന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ കേസ് നില നില്‍ക്കുകയാണ്. ഇതിനിടെയാണ് അജി ലാലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്ന് ഒരു സംഘവുമായെത്തി സച്ചിന്റെ വീട് ആക്രമിച്ചത്.
സച്ചിന്റെ വീട് അന്വേഷിച്ചെത്തിയ അക്രമി സംഘം റോഡരികില്‍ കൂട്ടിയിട്ടിരുന്ന വിറകെടുത്ത് സ്ത്രികളെ ആക്രമിക്കുകയായിരുന്നു. സച്ചിന്റെ മാതാവ് പ്രീതി (47), മുത്തശി ശോഭന (67), സഹോദരി മീനു (31), ബന്ധു ഗര്‍ഭിണി കൂടിയായ ശില്‍പ (22)എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.
വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പോലീസിന് നേരെയും സംഘം ആക്രമണം നടത്തി. ഇതിനു ശേഷം മൂന്നു പ്രതികളെ പോലീസ് പിടികൂടി. പരുക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ അക്രമി സംഘത്തിലെ മറ്റ് രണ്ടു പേര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞു.