മാഞ്ഞൂര്‍: നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണു ബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ക്കു പരുക്ക്. മാഞ്ഞൂര്‍ പഞ്ചായത്തിലെ മേമ്മുറിയില്‍ ഇന്നലെ രാവിലെ 9.15നാണു സംഭവം.
മേമ്മുറി തോപ്പില്‍ ജോര്‍ജ് ജോസഫിന്റെ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ഷെയ്ഡാണ് ഇടിഞ്ഞു വീണത്. ഷെയ്ഡിന് അടിവശം തട്ടു കെട്ടി തേയ്ക്കുകയായിരുന്ന ബംഗാള്‍ സ്വദേശികളായ അംജത്ത്, രാജീവ്, പാര്‍ജുല്‍, ജഞ്ചല്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
ഇതില്‍ അംജത്ത്, രാജീവ്, പാര്‍ജുല്‍ എന്നിവരെ അപകടം അറിഞ്ഞ് ഓടികൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ കുടുങ്ങിയ ജഞ്ചലിനെ കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം സ്ലാബ് ഉയര്‍ത്തി രക്ഷപെടുത്തുകയായിരുന്നു. ഇയാള്‍ക്കു സാരമായ പരുക്കുണ്ട്.
പരുക്കേറ്റ നാലുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.