ന്യൂഡല്‍ഹി: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സംഘര്‍ഷം നടക്കുന്നതിനാല്‍ അവിടെയുള്ള ഇന്ത്യക്കാര്‍ താമസസ്ഥലങ്ങളില്‍നിന്നു പുറത്തിറങ്ങരുതെന്ന് നയതന്ത്ര കാര്യാലയം. വെടിവയ്പ്പില്‍ പരുക്കേറ്റ ഒരിന്ത്യന്‍ പൗരന്‍ മരിച്ചതായി ഞായറാഴ്ച കാര്യാലയം അറിയിച്ചിരുന്നു. തുടര്‍ന്നാണ് പുറത്തിറങ്ങരുതെന്നും ശാന്തരായി താമസസ്ഥലത്തു തുടരാനും ഇന്നലെ നിര്‍ദ്ദേശം നല്‍കിയത്.
ദിവസങ്ങള്‍ക്കു മുമ്പാണ് ആഭ്യന്തരപോരാട്ടം സുഡാനില്‍ ശക്തമായത്. ഏറ്റവും പുതിയ വിവരമനുസരിച്ച്, രണ്ടാം ദിവസവും സംഘര്‍ഷത്തിനു ശമനമായിട്ടില്ല. പോരാട്ടം രൂക്ഷമായതിനെത്തുടര്‍ന്ന് ഖാര്‍ത്തൂമിലെ വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങളും ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
തലസ്ഥാനനഗരിയില്‍ വന്‍തോതില്‍ അക്രമം നടന്ന സാഹചര്യത്തില്‍ പരമാവധി മുന്‍കരുതലെടുക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ശനിയാഴ്ചതന്നെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. സ്ഥിതി ആശങ്കാജനകമാണെന്ന് ഇന്ത്യന്‍ പൗരന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിക്കൊണ്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഞായറാഴ്ച പറയുകയും ചെയ്തു. സുഡാനിലെ സംഭവവികാസങ്ങളില്‍ ഇന്ത്യ നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍ത്തൂമില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ഇന്ത്യന്‍ എംബസിയുടെ രണ്ടാമത്തെ മുന്നറിയിപ്പാണ് ഇന്നലത്തേത്.
എല്ലാ ഇന്ത്യക്കാരോടും അവര്‍ എവിടെയാണോ ഉള്ളത്, അവിടെത്തന്നെ തുടരാനും പുറത്ത് പോകാതിരിക്കാനും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നുവെന്നാണ് നിര്‍ദേശം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പതിറ്റാണ്ടുകള്‍ക്കുമുമ്പു സ്ഥിരതാമസമാക്കിയ 1200 പേരുള്‍പ്പെടെ 4000 ഇന്ത്യക്കാര്‍ സുഡാനിലുണ്ട്.