രാജകുമാരി: അരിക്കൊമ്പന്‍ ദൗത്യത്തിനായി കുങ്കിയാനകളെ ചിന്നക്കനാലില്‍ എത്തിച്ചിട്ട് ഒരു മാസം. നാല് കുങ്കിയാനകളും പാപ്പാന്‍മാരും ഇവരുടെ സഹായികളും കൂടി പത്തുപേര്‍ ഒപ്പവുമുണ്ട്.
കൂടാതെ ഇവര്‍ക്ക് പുറമെ അരിക്കൊമ്പന്‍ ദൗത്യത്തിനായി 25 ഉദ്യോഗസ്ഥരും ചിന്നക്കനാലില്‍ എത്തിയിട്ടുമുണ്ട്. ഇവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഒരു ദിവസം അന്‍പതിനായിരം രൂപയോളം ചെലവ് വരുമെന്നതാണ് അനൗദ്യോഗിക കണക്ക്.
ഒരു കുങ്കിയാനയ്ക്കായി ദിവസവും പതിനായിരത്തോളം രൂപ ചെലവഴിക്കുന്നതായാണ് വിവരം. ഇങ്ങനെ നാല് കുങ്കിയാനകള്‍ക്കായി നാല്‍പതിനായിരത്തോളം രൂപ ദിവസവും ചെലവാകുന്നുണ്ട്. ആനയ്ക്ക് വേണ്ട പുല്ല് എത്തിക്കുന്നതിന് പ്രാദേശികമായി കരാര്‍ അടിസ്ഥാനത്തിലാണ് നല്‍കിയിരിക്കുന്നത്. പാപ്പാന്‍മാരും സഹായികളും കുങ്കിത്താവളമായ 301 കോളനിക്ക് സമീപം തന്നെയാണ് താമസം.
ഇവര്‍ക്ക് ആവശ്യമായ ഭക്ഷണസാധനം വനം വകുപ്പ് എത്തിച്ച് നല്‍കുകയാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ഇവരുടെ താമസം. ദൗത്യത്തിനായി എത്തിയിരിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥരായ 25 പേര്‍ മതികെട്ടാന്‍ ചോലയിലുള്ള വൈൽഡ് ലൈഫ് ഡോര്‍മെറ്ററിയിലാണ് താമസം. കേസും കോടതിയും മൂലം അരിക്കൊമ്പനെ പിടിച്ചുമാറ്റാനുള്ള ദൗത്യം നീളുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങളാണ് ഈ പേരില്‍ കാലിയായിരിക്കുന്നത്.
സുപ്രീം കോടതി ഹര്‍ജി തള്ളിയ സ്ഥിതിക്ക് പറമ്പിക്കുളത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റാം എന്ന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കണമെന്നാണ് െഹെറേഞ്ച് നിവാസികളുടെ ആവശ്യം. അരിക്കൊമ്പനെ പിടിച്ചുമാറ്റിയില്ലെങ്കില്‍ പ്രദേശവാസികളുടെ ആശങ്കകള്‍ക്ക് പുറമേ സര്‍ക്കാര്‍ ഖജനാവിനും നഷ്ടം സഹിക്കേണ്ടിവരും.