മുംബൈ: മരിച്ചു പോയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് മരുമകള്‍ ജീവനാംശം നല്‍കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗ ബെഞ്ച്.
38കാരിയായ ശോഭ ടിഡ്‌കെ എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കിഷോര്‍ സന്തിന്റെ സിംഗിള്‍ ബെഞ്ചിന്റെ വിധി.
മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരിയാണ് ശോഭ. ഭര്‍ത്താവ് മരിച്ചശേഷം ഇവര്‍ മുംബൈ സര്‍ക്കാര്‍ നടത്തുന്ന ജെ.ജെ. ആശുപത്രിയിലായിരുന്നു ജോലി.
ഭര്‍ത്താവിന്റെ മാതാപിതാക്കളായ കിഷന്റാവു (68), കാന്താഭായ് (60) എന്നിവര്‍ മകന്റെ മരണശേഷം തങ്ങള്‍ക്ക് ജീവിക്കാന്‍ വരുമാനമില്ലെന്നും അതിനാല്‍ മരുമകള്‍ ജീവനാംശം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് സ്വന്തമായി ഭൂമിയും വീടുമുണ്ടെന്നും മകന്റെ മരണത്തില്‍ നഷ്ടപരിഹാരമായി എം.എസ്.ആര്‍.ടി.സിയില്‍നിന്ന് 1.88 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു.
ആശ്രിത നിയമത്തിന്റെ അടിസ്ഥാനത്തില്‍ യുവതിക്ക് ജോലി ലഭിച്ചതായി സൂചനയില്ലെന്നും മരിച്ച ഭര്‍ത്താവ് എം.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്നയാളാണെന്ന് വ്യക്തമാണെന്നും എന്നാല്‍, യുവതി സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിലാണ് ജോലി ചെയ്യുന്നതെന്നും ഇത് ആശ്രിത നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും കോടതി നിരീക്ഷിച്ചു.