തൊടുപുഴ: കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മണ്ണ് ഖനന കേന്ദ്രങ്ങളില്‍ തൊടുപുഴ ഡിെവെ.എസ്.പി എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം അര്‍ധരാത്രി നടത്തിയ പരിശോധനയില്‍ ഞറുക്കുറ്റി മാണിക്കുന്ന് പീടികയില്‍നിന്നും മൂന്നു ടിപ്പര്‍ ലോറികളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും ഇവര്‍ പിടികൂടി. ടിപ്പര്‍ ലോറികളില്‍ മണ്ണ് നിറച്ച നിലയിലായിരുന്നു. വാഹനങ്ങളുടെ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തശേഷം ഇവരില്‍ നിന്നും വിവരങ്ങളെടുത്ത് വിട്ടയച്ചു.
ഒരു ടിപ്പര്‍ ലോറി ഉടമ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. വാഹനങ്ങള്‍ പിടിച്ചെടുത്ത് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഡിവൈ.എസ്.പി പറഞ്ഞു.
കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍തോതില്‍ മണ്ണ് ഖനനവും കടത്തു നടന്നുവരുന്നതായും ഇതിന് സ്‌റ്റേഷനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഒത്താശ ചെയ്യുന്നതായും രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് കരിമണ്ണൂര്‍ പോലീസിനെ അറിയിക്കാതെ ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡ് മിന്നല്‍ പരിശോധനയ്ക്കിറങ്ങിയത്.