കട്ടപ്പന: വിനോദ സഞ്ചാരികളുമായെത്തിയ ബസ് പാര്‍ക്കിങ് സ്ഥലത്തുനിന്ന് പിന്നോട്ടുരുണ്ട് കാറിലും മറ്റൊരു ടൂറിസ്റ്റ് ബസിലും ഇടിച്ചു. അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.15നായിരുന്നു അപകടം.
വാഹനങ്ങളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവായി. മൂന്നു വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്തശേഷം ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോയിരുന്നു.
ഇതിനു മുന്നില്‍ക്കിടന്ന ടൂറിസ്റ്റ് ബസില്‍ കയറാനെത്തിയ സഞ്ചാരികള്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടി ഡ്രൈവര്‍ സീറ്റിനു സമീപത്തുകൂടി അകത്തുകയറിയശേഷം ഡോറിന്റെ ലോക്കാണെന്ന് തെറ്റിദ്ധരിച്ച് ഹാന്‍ഡ് ബ്രേക്ക് താഴ്ത്തി.
ഇതോടെ വാഹനം പിന്നോട്ടുരുണ്ട് തൊട്ടുപിറകില്‍ കിടന്ന കാറില്‍ ഇടിച്ച് നിരങ്ങിനീങ്ങി പിന്നിലുണ്ടായിരുന്ന ബസില്‍ ഇടിച്ചുനിന്നു. കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. പിന്നില്‍ കിടന്ന ബസിനും കേടുപാട് സംഭവിച്ചു.