വണ്ണപ്പുറം: കിണര്‍ നിര്‍മാണത്തിനെത്തിച്ച ജാക്ക്ഹാമറിന്റ ഗിയര്‍ലിവറിന് ഇടയില്‍ കൈ കുടുങ്ങിയ തൊഴിലാളിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം രാവിലെ 7.15 ന് കാളിയാര്‍ മുള്ളന്‍കുത്തിയിലായിരുന്നു സംഭവം. തേനി സ്വദേശി രാജാറാ(53) മാണ് അപകടത്തില്‍പ്പെട്ടത്. മുള്ളന്‍കുത്തിയില്‍ കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു വന്നതായിരുന്നു ജാക്ക്ഹാമര്‍.
ജാക്ക്ഹാമറിന്റെ ഗിയര്‍ ബോക്‌സില്‍ ഡബിള്‍ ഗിയര്‍ വീണപ്പോള്‍ ശരിയാക്കുന്നതിനായി മുകള്‍ഭാഗം അഴിച്ച് കൈ അകത്തേക്ക് കയറ്റിയപ്പോള്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. കൈ പുറത്തെടുക്കാന്‍ രാജാറാം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
മുമ്പും ഗിയര്‍ബോക്‌സ് ശരിയാക്കുന്ന ആളായിരുന്നു രാജാറാം. തുടര്‍ന്ന് ഒരു മണിക്കൂറോളം ഡ്രൈവറുടെ സഹായിയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വിഫലമായതോടെ കാളിയാര്‍ പോലീസ് തൊടുപുഴ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഉടന്‍തന്നെ സേനാംഗങ്ങള്‍ മെഡിക്കല്‍ സംഘത്തോടൊപ്പം സ്ഥലത്തെത്തി. രാജാറാമിന് പ്രാഥമിക ശുശ്രൂഷ നല്‍കി.
മൂവാറ്റുപുഴയില്‍ നിന്നെത്തിയ ട്രാക്ടര്‍ മെക്കാനിക്കുമാരുടെ സഹായത്തോടെ ഗിയര്‍ ബോക്‌സിന്റെ യന്ത്രഭാഗങ്ങള്‍ മുറിച്ചുമാറ്റി കൈ പുറത്തെടുക്കുകയായിരുന്നു. പിന്നീട് രാജാറാമിനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.