പത്തനംതിട്ട: പതിമൂന്ന് വയസായ മകളെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പന്തളം സ്വദേശിയും 51 വയസുകാരനുമായ പിതാവിനെ പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ എഴുപത്തി എട്ട് വര്‍ഷം കഠിന തടവിനും 2.75 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാല്‍ മൂന്നര വര്‍ഷം അധിക കഠിന തടവും ശിക്ഷവിധിച്ചു.
ഐ.പി.സി 376 (3), പോക്‌സോ ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. മകള്‍ എട്ടാം ക്ലാാസില്‍ പഠിക്കുന്ന കാലയളവു മുതല്‍ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കി വരികയായിരുന്നു. പ്രതിയുടെ മദ്യപാന സ്വഭാവവും തുടര്‍ന്നുള്ള ഉപദ്രവവും കാരണം ഭാര്യ നേരത്തെ വീടുവിട്ടു പോയിരുന്നു. പെണ്‍കുട്ടി പിതൃമാതാവിനോടും മുത്ത സഹോദരിമാരോടും ഒപ്പം വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു.
വീട്ടില്‍ മറ്റാരും ഇല്ലാതിരിക്കുന്ന വേളകളിലൊക്കെ പിതാവ് മകളെ ഉപദ്രവിക്കുക പതിവായിരുന്നു. അവധി ദിവസങ്ങളില്‍ മകളെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെ ആരും ഇല്ലാതിരുന്ന അവസരം മുതലെടുത്ത് വീടിന്റെ തിണ്ണയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ കവിളിലെ മുറിപ്പാടില്‍ സംശയം തോന്നിയ പ്രതിയുടെ സഹോദരി സ്‌കൂള്‍ ടീച്ചര്‍മാരുടെ സഹായത്തോടെ വിവരം ചോദിച്ചപ്പോഴാണ് പിതാവിന്റെ വി വരം വെളിവായത്.
പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്‌സോ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസില്‍ അന്വേഷണം നടത്തി ചാര്‍ജ് ഹാജരാക്കിയത് പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഇ.ഡി ബൈജുവാണ്. വിസ്താരവേളയില്‍ പെണ്‍കുട്ടിയുടെ ഒരു സഹോദരിയും പ്രതിയുടെ മാതാവും കൂറുമാറിയെങ്കിലും മറ്റ് തെളിവുകളും ബന്ധുക്കളുടെ മൊഴികളും പ്രോസിക്യൂഷന് അനുകൂലമാക്കിയെടുക്കാന്‍ കഴിഞ്ഞു.