തിരുവല്ല: പോലീസില്‍ പരാതി നല്‍കിയ വിരോധത്തിന്റെ പേരില്‍ ടി.കെ. റോഡില്‍ നെല്ലാട് പാടത്തുംപാലത്ത് ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച സംഭവത്തില്‍ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.
വള്ളംകുളം പന്നാമുറിയില്‍വീട്ടില്‍ വിഷ്ണു(വിക്കി-24)വാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടരയ്ക്കാണ് സംഭവം. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോള്‍ പാടത്തുംപാലം പൂവപ്പുഴയില്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ വിഷ്ണു യുവതിയെ അസഭ്യം പറഞ്ഞശേഷം കടന്നുപിടിക്കുകയും ചുരിദാര്‍ വലിച്ചു കീറുകയുമായിരുന്നു.
യുവതി ബഹളം വച്ചതോടെ സമീപവാസികള്‍ ഓടിക്കൂടി. ഇതുകണ്ട് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട വിഷ്ണുവിനെ യുവതി നല്‍കിയ പരാതിയില്‍ വീടിന് സമീപത്തു നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരന്തരമായി ശല്യം ചെയ്യുന്നതായി കാണിച്ച് പരാതിക്കാരിയായ യുവതി വിഷ്ണുവിനെതിരേ തിരുവല്ല പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിലുള്ള വിരോധമാണ് അക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.