മുട്ടം: ജപ്തി ചെയ്ത വീട്ടില്‍ അനധികൃതമായി താമസമാക്കിയ വ്യക്തി ബാങ്ക് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. മുട്ടം സ്വദേശി താഴത്തേല്‍ ജോമോന്‍ ജോസഫിനെതിരെയാണ് പരാതി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കേരള ബാങ്കിന്റെ മുട്ടം ശാഖയില്‍ നിന്നും വായ്പയെടുത്ത താഴത്തേല്‍ വീട്ടില്‍ ടി.സി. ജോസഫ്, ജോമോന്‍ ജോസഫ്, മിനി ജോസഫ് എന്നിവര്‍ വായ്പ കുടിശിക വരുത്തിയതിനെത്തുടര്‍ന്ന് 88.20 ആര്‍ വസ്തുവും കെട്ടിടവും കോടതി നിയോഗിച്ച കമ്മിഷന്‍ കൈവശത്തിലെടുത്ത് ഈ മാസം 17ന് ബാങ്കിനെ ഏല്‍പ്പിച്ചിരുന്നു.
ബാങ്ക് കൈവശത്തിലുള്ള വസ്തുവില്‍ പരിശോധന നടത്താനായി ചൊവ്വാഴ്ച ബാങ്കിലെ ജീവനക്കാര്‍ ചെന്നപ്പോള്‍ വായ്പക്കാരിലൊരാളായ ജോമോന്‍ ജോസഫും കുടുംബവും വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് അതിക്രമിച്ച് ഉള്ളില്‍ കടന്നിട്ടുള്ളതായും താമസമാക്കിയിട്ടുള്ളതായും മനസിലാക്കി.
ഇക്കാര്യമറിഞ്ഞ് ബാങ്ക് ജീവനക്കാര്‍ വീട്ടില്‍ ചെന്നപ്പോള്‍ ജോമോന്‍ അസഭ്യം പറഞ്ഞതായും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. കൂടാതെ ശാഖാ മാനേജരായ റോയി ജോണിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു. സംഭവത്തില്‍ ബാങ്കിന്റെ മുട്ടം ബ്രാഞ്ച് മാനേജരുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജോമോന്‍ ജോസഫിനിതിരേ മുട്ടം പോലീസ് സ്‌റ്റേഷനില്‍ കത്തിക്കുത്ത്, അടിപിടി ഉള്‍പ്പടെ നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.