തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി.
അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71) യെയാണ് മകൻ ബിനുവിന്‍റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വി.എസ്. ഭവനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ചായ നൽകാൻ ബിനുവിന്റെ ഭാര്യ സജിത ശ്യാമളയുടെ മുറിയിൽ എത്തിയപ്പോഴാണ് രക്തംവാർന്ന് മരിച്ചനിലയിൽ കണ്ടത്.
ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി നടത്തി പരിശോധനയിൽ മൃതദേഹത്തിന്‍റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. ഇതോടെ കൊലപാതക സംശയം ഉയർന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽനിന്നു രക്തം പുരണ്ട കത്തിയും കത്രികയും കണ്ടെടുത്തു.
വീട്ടിൽ മകൻ ബിനുവും ഭാര്യ സജിതയും ഇളയമകൻ അനന്തുവുമാണ് താമസിക്കുന്നത്. ഇവരുടെ മൂത്തമകൻ നന്ദു വിദേശത്താണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
10 ദിവസം മുൻപാണ് ശ്യാമള ഇവിടെ എത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന മകൻ ബിനു മംഗലത്തുകോണം കാട്ടുനട ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാട്ടിൽ എത്തിയിരുന്നു.
മകൻ നാട്ടിലെത്തുമ്പോൾ അമ്മ ശ്യാമളയെയും പതിവ് പോലെ ബാലരാമപുരത്തെ വീട്ടിലേക്ക് കൊണ്ടു വരാറുണ്ട്. ജില്ലാ പൊലീസ് മേധാവി ശിൽപയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു.
വീട്ടിലെ സിസിടിവി ക്യാമറ പോലീസ് പരിശോധനയ്ക്ക് കൊണ്ട് പോയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.