വീട് കയറി ആക്രമിച്ച കേസില്‍ കോടതിയിൽ സാക്ഷി പറയാനെത്തിയ  ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭർത്താവ് അറസ്റ്റിൽ

author-image
neenu thodupuzha
New Update

പീരുമേട്: വീട് കയറി ആക്രമിച്ച കേസില്‍ സാക്ഷി പറയാനെത്തിയ വീട്ടമ്മയെ കോടതി വളപ്പിനുള്ളില്‍ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുമളി ചക്കുപള്ളം മനക്കാലായില്‍ ബിജു (52)വാണ് ഭാര്യ അമ്പിളിയെ (45) ആക്രമിച്ചത്.

Advertisment

publive-image

കഴുത്തിന് ഗുരുതര പരുക്കേറ്റ അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അമ്പിളിയുടെ കഴുത്തിന് 15 തുന്നിക്കെട്ടുണ്ട്. ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

പീരുമേട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ ഇന്നലെയായിരുന്നു സംഭവം. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തിയ അമ്പിളിയെ ഇവിടെ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ പിന്നാലെയെത്തിയ ബിജു കൈയില്‍ കരുതിയ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.

സംഭവം കണ്ടുനിന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും ഒപ്പമുണ്ടായിരുന്നവരും ബിജുവിനെ പിടിച്ചു മാറ്റി. രക്തം വാര്‍ന്ന അമ്പിളിയെ ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്.    വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

2018ല്‍ ഇവരുടെ വീട്ടില്‍ ഒരു സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തിയിരുന്നു. ഈ കേസില്‍ സാക്ഷി പറയുന്നതിന് കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചതിന്‍ പ്രകാരമാണ് ഇരുവരും ഇന്നലെ കോടതിയിലെത്തിയത്.

Advertisment