കട്ടപ്പന: ഹോട്ടലിനെതിരേ വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരേ പോലീസ് പരാതി നല്‍കി ഹോട്ടല്‍ ഉടമകള്‍.
കാഞ്ചിയര്‍ പള്ളിക്കവലയിലെ കലവറ ഹോട്ടല്‍ ഉടമകളായ സജി വര്‍ഗീസ്, സാജന്‍ വര്‍ഗീസ് എന്നിവരാണ് പരാതിക്കാര്‍. ഹോട്ടലില്‍നിന്ന് വാങ്ങിയ സാമ്പാറിലെ മുരിങ്ങക്കയില്‍ പുഴുവിനെ കണ്ടെന്നായിരുന്നു യൂട്യൂബര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വാര്‍ത്ത.
സാമ്പാര്‍ കഷണങ്ങള്‍ കുക്കറില്‍ വേവിച്ചാണ് കറിയുണ്ടാക്കിയത്. നീരാവിയില്‍ വേവിച്ച മുരിങ്ങക്കയില്‍ ജീവനുള്ള പുഴു എങ്ങനെ വന്നെന്ന ചോദ്യത്തിന് യൂട്യൂബര്‍ക്ക് മറുപടിയില്ല. സാമ്പാറിലെ കഷ്ണത്തില്‍ ഉള്‍പ്പെട്ട മുരിങ്ങക്കയല്ല വീഡിയോയില്‍ കാണുന്നത്. ഇത് ബോധപൂര്‍വം വാര്‍ത്ത സൃഷ്ടിച്ചു ഹോട്ടല്‍ തകര്‍ക്കാന്‍ ലഷ്യമിട്ടു നടത്തിയ വാര്‍ത്തപ്രചാരണമാണെന്ന് ഹോട്ടല്‍ ഉടമ സജി പറഞ്ഞു.
ഹോട്ടലില്‍ നിന്ന് നല്‍കിയ സാമ്പാറില്‍ പുഴുവിനെ കണ്ടെന്ന് പറഞ്ഞു ഇതുവരെ ആരും പഞ്ചായത്തിനോ ആരോഗ്യ വകുപ്പിനോ പരാതി നല്‍കിയിട്ടില്ല.
ഇല്ലാത്ത പരാതിയുടെ പേരിലാണ് വ്യാജ വാര്‍ത്ത. സംഭവത്തില്‍ ഉടമ ആരോഗ്യ വകുപ്പിനും പോലീസിനും പരാതി നല്‍കി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടലില്‍ എത്തി പരിശോധന നടത്തി.
പോലീസ് യൂട്യൂബറെ വിളിച്ചു വാര്‍ത്തയുടെ ഉറവിടവും തെളിവും ആവശ്യപ്പെട്ടു മറുപടി ലഭിച്ചില്ല. യൂട്യൂബര്‍ക്കെതിരേ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയുമാണ് സജിയും സാജനും.