തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളില്‍ 60 ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടെന്ന് കെ.എസ്.ഇ.ബി. 155 കോടി യൂണിറ്റ് ജല വൈദ്യുതിക്കുള്ള വെള്ളമാണുള്ളത്.
ദിവസം ശരാശരി 2.5 കോടി യൂണിറ്റാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. ആവശ്യത്തിന് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി. നേരത്തെ കരാര്‍ ഉണ്ടാക്കിയിട്ടുള്ളതിനാല്‍ പവര്‍ക്കെട്ട്, ലോഡ് ഷെഡിങ് എന്നിവയുണ്ടാകില്ല.
വൈകുന്നേരങ്ങളിലെ അധിക വൈദ്യുതി ഉപയോഗമാണ് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കുന്നത്. യൂണിറ്റിന് 10 രൂപ വരെ നല്‍കിയാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്.
ബുധനാഴ്ചയും ദിവസേനയുള്ള ഉപയോഗം കേരളത്തില്‍ 10 കോടി കടന്നു. 10.299 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈകിട്ട് 6 മുതല്‍ 11 വരെയുള്ള അധിക ഉപയോഗവും ഉയര്‍ന്ന തോതിലാണ്.
ദിവസവും 5000 മെഗാവാട്ടാണ് ഉപയോഗം. ഇതിനായി മുഴുവന്‍ പുറത്തുനിന്ന് വാങ്ങുകയാണ്. ഉപയോഗം അമിതമാകുന്നതോടെ ചിലയിടങ്ങളില്‍ വോള്‍ട്ടേജ് വ്യതിയാനവുമുണ്ടാകുന്നു.