കൊച്ചി: ചീഫ് സെക്രട്ടറി, ഡി.ജി.പി, ലോ സെക്രട്ടറി, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകന് പിഴയിട്ട് സിംഗിള്‍ ബെഞ്ച്.
ചീഫ് സെക്രട്ടറിയടക്കം ഉന്നതോദ്യോഗസ്ഥര്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച തിരുവനന്തപുരം പറയിടത്തുകോണം സ്വദേശി ആസിഫ് ആസാദിനാണ് 25,000 രൂപ പിഴയിട്ടത്.
ഹര്‍ജി ബാലിശമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിലയിരുത്തി. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിക്കാണ് പിഴ അടയ്‌ക്കേണ്ടത്. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ നിയമപരമായ നടപടിയിലൂടെ തുക ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയിലെ അപാകം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി രജിസ്ട്രററുടെ നടപടി തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ഹര്‍ജി നല്‍കുകയെന്നുള്ളത് തന്റെ അവകാശമായതിനാല്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ തടസം നില്‍ക്കരുതെന്ന് രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ വിചിത്രമാണെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ രേഖകളൊന്നും ഹാജരാക്കാനായിട്ടില്ലെന്നും വിലയിരുത്തിയ കോടതി ഹര്‍ജി തള്ളി.