മഴക്കാലമെത്താറായി; കുരുമുളക് കൃഷി ചെയ്യാം...

author-image
neenu thodupuzha
New Update

കേരളത്തിലെ കാലാവസ്ഥയില്‍ കുരുമുളക് നന്നായി വളരുമെങ്കിലും ചൂടും ചെടിയുടെ വിവിധ വളര്‍ച്ചാ ഘട്ടത്തില്‍ ലഭിക്കണ്ട മഴയുമാണ് കുരുമുളക് ചെടിക്ക് അഭികാമ്യം. നല്ല നീര്‍വാഴ്ചയുള്ളതും ജൈവാംശമുള്ളതുമായ മണ്ണില്‍ കുരുമുളക് തഴച്ച് വളരും. സൂര്യാഘാതം തടയാന്‍ തെക്കന്‍ ചെരിവുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുന്നത് നല്ലത്.

Advertisment

നിരപ്പായ സ്ഥലങ്ങളില്‍ 10 അടി അകലത്തിലും ചെരിവുള്ള സ്ഥലങ്ങളില്‍ വരികള്‍ തമ്മില്‍ 12 അടിയും നിരകള്‍ തമ്മില്‍ 8 അടിയും അകലം കിട്ടത്തക്കവിധത്തില്‍ കൊടികള്‍ നടണം. കൊടികള്‍ എത്ര ഉയരത്തില്‍ കയറ്റിവിടാന്‍ പറ്റുമോ അത്രയും ഉയരത്തില്‍ കയറ്റി വിടണം.

publive-image

ചില ഇനം കുരുമുളക് ഇനങ്ങള്‍ ഷെയ്ഡില്‍ മാത്രം/തെളിഞ്ഞ സ്ഥലത്ത്/ഷെയ്ഡിലും തെളിഞ്ഞ സ്ഥലത്തും മാത്രം, വളരുന്നതും ഉത്പാദനം തരുന്നതുമായ ഇനങ്ങളുണ്ട്. എങ്ങനെയാണെങ്കിലും ഷെയ്ഡില്‍ മാത്രം ഉത്പാദനമുള്ള ഇനങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവയ്ക്ക് നല്ല തെളിഞ്ഞ സ്ഥലത്താണ് ശരിയായ ഉത്പാദനം ലഭിക്കുക.

ഏത് ചെടിയാണെങ്കിലും വെയില്‍ നേരിട്ട് പതിച്ചാലെ അതിന്റെ റൂട്ട് സിസ്റ്റം ശരിയായി വളര്‍ച്ചയില്‍ എത്തൂ. ഉത്പാദനം ശരിയായി ലഭിക്കൂ. തൊലി ഇളകിപ്പോകാത്ത ഏത് മരവും കുരുമുളക് പടര്‍ത്താന്‍ യോജിച്ചതാണ്. മിശ്ര വിള തോട്ടങ്ങളില്‍ തെങ്ങ്, കവുങ്ങ്, ഫലവൃക്ഷങ്ങള്‍ എന്നിവയിലും കുരുമുളക് പടര്‍ത്താം.

കുരുമുളക് കൃഷിക്ക് ഉത്തമം തിരുവാതിര ഞാറ്റുവേലയാണ്. തിരുവാതിര ഞാറ്റുവേലയിലെ ഇടവിട്ടുള്ള മഴയും വെയിലും കൊടിത്തലകള്‍ പിടിച്ചു കിട്ടാന്‍ ഏറ്റവും അനുയോജ്യമാണ്. കൂട തൈകളാണ് നടുന്നതെങ്കില്‍ നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ 365 ദിസവും ചെടികള്‍ നടാം. താങ്ങുകാലുകളുടെ വടക്ക് വശത്തായി മരത്തില്‍ നിന്ന് ഏകദേശം 30 സെന്റീമീറ്റര്‍ അകലത്തില്‍ കുഴികള്‍ എടുക്കണം.

publive-image

ഈ കുഴികളില്‍ അടിവളമായി കാലിവളം ചേര്‍ത്ത് കുഴി മൂടുക. അതില്‍ ചെറിയ പിള്ളക്കുഴി എടുത്ത് താങ്ങുകാലിന്റെ വലുപ്പമനുസരിച്ച് 2-3 വേര് പിടിപ്പിച്ച തലകള്‍ നടണം. നട്ട ശേഷം ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാത്ത വിധത്തില്‍ താങ്ങുകാലിന്റെ ചുവട്ടില്‍ നിന്നും താഴോട്ട് ചരിവുവരത്തക്കവിധം മണ്ണിട്ട് ഉറപ്പിക്കണം.

മുകളിലേക്ക് വളര്‍ന്നു വരുന്ന തലകള്‍ താങ്ങുകാലിനോട് ചേര്‍ത്ത് കെട്ടി വയ്ക്കണം. ചുവട്ടില്‍ നന്നായി പുതയിടുകയും ചൂടില്‍നിന്ന് സംരക്ഷിക്കാന്‍ ഇലപൊഴിയാത്ത മരച്ചില്ലകളോ, തെങ്ങിന്റെ ഓല, കവുങ്ങിന്റെ പട്ടയോ ഉപയോഗിച്ച് പൊതിഞ്ഞ് കെട്ടണം.

ചെടി വളരുന്നതിനനുസരിച്ച് കെട്ടി കയറ്റി വിടണം. തോട്ടത്തിലെ കളകള്‍ യഥാസമയം നീക്കം ചെയ്യണം. ചെറിയ ഇളംകൊടികള്‍ നനയ്ക്കുന്നത് വേനലിനെ അതിജീവിക്കാനും വളര്‍ച്ചയ്ക്കും നല്ലതാണ്. കായ്ഫലമുള്ള ചെടികള്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് അവസാനം വരെ 10-12 ദിവസ ഇടവേളയില്‍ നനയ്ക്കുന്നത് വിളവര്‍ വര്‍ധനയ്ക്ക് നല്ലതാണ് (എന്നും നനക്കരുത്). മരത്തിന്റെ ചപ്പ് കൊടിക്ക് പുതയിടാന്‍ ഉപയോഗിക്കാം.

മഴക്കാലത്തിന്റെ തുടക്കത്തില്‍ (ഏപ്രില്‍-മെയ്) മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ കൊടിച്ചുവട്ടില്‍ കുമ്മായം ചേര്‍ത്ത് കൊടുക്കണം. കൊടി വലുപ്പമനുസരിച്ച് ആവശ്യത്തിന് കാലിവളം/കോഴിവളം, വേപ്പിന്‍ പിണ്ണാക്ക് എന്നിവ മഴക്കാലം തുടക്കത്തില്‍ നല്‍കണം.

തുലാവര്‍ഷം തുടക്കത്തിലും ജൈവവളത്തോടൊപ്പം വേപ്പിന്‍ പിണ്ണാക്കും നല്‍കണം. കൊടിച്ചുവട്ടില്‍ നിന്ന് ഒന്നര അടി എങ്കിലും അകത്തില്‍ ചെറിയ ചാലുകള്‍ എടുത്ത് അതില്‍ വളം ചേര്‍ത്ത് മണ്ണിട്ട് മൂടണം. ചാലുകള്‍ എടുക്കുമ്പോള്‍ വേരുകള്‍ക്ക് ക്ഷതമേല്‍ക്കരുത്. ജൈവവളങ്ങള്‍ക്ക് പുറമെ കൊടിയുടെ വലിപ്പം അനുസരിച്ച് നാല് തവണകളയായി ഒന്നേകാല്‍ കിലോ രാസവളം എങ്കിലും നല്‍കണം.

publive-image

കാലവര്‍ഷം തുടക്കത്തോടെയാണ് (ജൂണ്‍) ചെടികള്‍ തളിര്‍ത്ത് തിരിയിടുന്നത്. മഴയില്ലാത്ത പ്രദേശങ്ങളില്‍ എല്ലാ ദിവസവും നന്നായി വെള്ളം ചുവട്ടില്‍ നല്‍കി ചെടി തിരിയിടിച്ചാല്‍ ഉത്പാദനം കൂടുതലുണ്ടാകും. (തിരിയിടാനും, മണി പിടിക്കാനും മഴ ആവശ്യം ഇല്ല. ചുവട്ടില്‍ വെള്ളം കിട്ടിയാല്‍ മതി).

തിരികള്‍ നീളണമെങ്കില്‍ എല്ലാ ദിവസവും ചുവട്ടില്‍ ജലം ലഭ്യമാക്കിക്കൊണ്ട് മഴയില്ലാത്ത കാലാവസ്ഥയിലാണ് ഏറ്റവും നന്നായി കായ് പിടുത്തമുണ്ടാകുന്നത്. ഊരന്‍, നിമാവിരയുടെ ആക്രമണ കാണുമ്പോള്‍ തന്നെ മണ്ണില്‍ നനവില്ലെങ്കില്‍ ചെടിച്ചുവട് നനയ്ക്കണം. കാര്‍ബോസള്‍ഫാന്‍ കലക്കി ചുവട്ടില്‍ ഒഴിക്കുക

രോഗങ്ങള്‍ ഇല്ലാത്ത തോട്ടത്തില്‍ സ്യൂഡോമോണാസ്, ട്രൈക്കോടര്‍മ ഇതൊക്കെ താല്കാലിക ഗുണം ചെയ്യുമെങ്കിലും രോഗം വന്ന് പോയാല്‍ ഒരിക്കലും ഇതുകൊണ്ട് ഒരു ഗുണവുമുണ്ടാകില്ല. മഴക്കാലം തുടക്കത്തിലും തുലാമഴക്ക് മുമ്പും 1% വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം ചെടികളില്‍ തളിക്കുന്നതും, ചുവട്ടില്‍ കോപ്പര്‍ ഓക്സി ക്ലോറൈഡ് (2 ഗ്രാം/ ലിറ്റര്‍) ഒഴിക്കുക.

അല്ലെങ്കില്‍ പൊട്ടാസ്യം ഫോസ്ഫോണേറ്റ് 0.3% വീര്യത്തില്‍ ചെടികളില്‍ തളിക്കുകയും, ചുവട്ടില്‍ ഒഴിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ ചെടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാം.

Advertisment