കട്ടപ്പന: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലും മറ്റൊരു കാറിലും ഇടിച്ചു. വള്ളക്കടവ്- ആനവിലാസം റൂട്ടില്‍ ആറാട്ടുകടവിന് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല. വാഹനങ്ങള്‍ക്ക് സാരമായ കേടുപാടു സംഭവിച്ചു.
ആനവിലാസത്തുനിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന കാര്‍ അമ്പലക്കവല ആറാട്ടുകടവിന് സമീപം നിയന്ത്രണംവിട്ട് 11 കെ.വി. ലൈൻ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചാണ് വാഹനം നിന്നത്.
കോണ്‍ക്രീറ്റ് പോസ്റ്റ് ഒടിഞ്ഞ് കാറിനു മുകളില്‍ വീണെങ്കിലും വാഹനമോടിച്ചിരുന്ന ആനവിലാസം സ്വദേശി ഷൈജു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെട്ടെന്നുണ്ടായ ദേഹാസ്വസ്ഥയെത്തുടര്‍ന്നാണ് വാഹനം നിയന്ത്രണം വിട്ടതെന്ന് ഇദ്ദേഹം പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി.
കെ.എസ്.ഇ.ബിക്ക് അരലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പോലീസും കെ.എസ്.ഇ.ബി ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.