മദ്യപാനത്തിനിടെ തർക്കം;  ചന്തിരൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിൽ ഒളിവിൽപ്പോയ മുഖ്യപ്രതി പിടിയില്‍

author-image
neenu thodupuzha
New Update

ആലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസില്‍ മുഖ്യപ്രതി കണ്ണൂരില്‍ നിന്ന് പിടിയിലായി. ചന്തിരൂര്‍ പാറ്റുവീട്ടില്‍ ഫെലിക്‌സ് ജോസാ (28)ണ്  കൊല്ലപ്പെട്ടത്.

Advertisment

ഒളിവിലായിരുന്ന പ്രതി അരൂര്‍ കാട്ടിച്ചിറ ഹൗസില്‍ സഞ്ജയി (21) യെയാണ് കണ്ണൂര്‍ റെയില്‍വേ പോലീസ് പിടികൂടിയത്. സംഭവത്തില്‍ അരൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ പോത്തനക്കടവ് വിജിത്തി(34)നെ അരൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

publive-image

കണ്ണൂര്‍ -എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത സഞ്ജയിയെ ടി.ടി.ഇ.  തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിവിട്ടിരുന്നു.

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണു കൊലപാതക കേസിലെ പ്രതിയെന്നു മനസിലായത്. സിറ്റി പോലീസ് കമ്മിഷണര്‍ ആലപ്പുഴ പോലീസുമായി ബന്ധപ്പെട്ടാണു ഇയാളാണ്  ചന്തിരൂര്‍ കേസിലെ പ്രതിയെന്നു തിരിച്ചറിഞ്ഞത്.

പുതുച്ചേരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ പോയതിനു ശേഷമാണു കണ്ണൂരില്‍ എത്തിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ ഇയാള്‍ റെയില്‍വേ സ്‌റ്റേഷനടുത്ത ചെട്ടിയാര്‍കുളത്തില്‍ നിന്നു വസ്ത്രം അലക്കി ഉണക്കിയ ശേഷം ട്രെയിന്‍ കയറിയതായിരുന്നു.

കഴിഞ്ഞ വിഷുത്തലേന്ന് രാത്രി പത്തോടെയായിരുന്നു കൊലപാതകം. ടൈല്‍ പണിക്കാരനായ ഫെലിക്‌സ് ഒരാഴ്ച മുന്‍പ് മൂന്നാറില്‍ ജോലിക്ക് പോയിരുന്നു. വിഷുവിന് ഒഴിവ് കിട്ടിയതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഫെലിക്‌സിനെ ബൈക്കില്‍ എത്തിയ സുഹൃത്തുക്കളായ യുവാക്കള്‍ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്കു മദ്യപിക്കാനായി കുട്ടിക്കൊണ്ടു പോകുകയായിരുന്നു.

മദ്യലഹരിയില്‍ തര്‍ക്കമുണ്ടായി. സുഹൃത്തുക്കള്‍ സമീപത്തു കിടന്ന കോണ്‍ക്രീറ്റ് കട്ടയും ഹെല്‍മെറ്റും കൊണ്ട് ഫെലിക്‌സിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റു വഴിയരികില്‍ കിടന്ന ഇയാളെ അരൂര്‍ പോലീസ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment