ആലപ്പുഴയിൽ  എന്റെ കേരളം പ്രദര്‍ശന- വിപണന  മേളയില്‍ 56.02 ലക്ഷം രൂപയുടെ വിറ്റുവരവ്

author-image
neenu thodupuzha
New Update

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന- വിപണന മേളയില്‍ 56.02 ലക്ഷം രൂപയുടെ വിറ്റു വരവാണ് കൊമേഴ്ഷ്യല്‍ സ്റ്റാളുകളിലൂടെ നേടിയത്. ബി 2 ബി (ബിസിനസ് ടു ബിസിനസ്) യിലൂടെ ലഭ്യമായ 18.34 ലക്ഷം രൂപയുടെ ഓര്‍ഡറും ഉള്‍പ്പടെയാണിത്.

Advertisment

ഏഴ് ദിവസങ്ങളിലായി നടന്ന മേളയുടെ ഭാഗമായി ഒരുക്കിയ ഫുഡ് കോര്‍ട്ടില്‍ കുടുംബശ്രീ വഴി 6.56 ലക്ഷം രൂപയുടെ വരുമാനവും നേടാനായി. സൗജന്യ സേവനങ്ങളൊരുക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകളും മേളയിലെ സജീവ സാന്നിധ്യമായിരുന്നു.

publive-image

മേളയുടെ ഭാഗമായി 52 സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും അവരുടെ സേവനങ്ങള്‍ ഒരുക്കിയിരുന്നു. മേളയില്‍ കൊണ്ടുവന്ന ഏറ്റവും നൂതനമായ ആശയമായിരുന്നു ബി2ബി മീറ്റ്. വിപണന മേളയില്‍ പങ്കെടുത്ത സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കുന്നതിനായി ജില്ലയ്ക്കകത്തും പുറത്തുമുള്ള വിപണന ശൃംഖലകളുമായി ബന്ധിപ്പിക്കുന്നതിനാണ് ബി2ബി ലക്ഷ്യംവച്ചത്.

കണ്‍സ്യൂമര്‍ഫെഡ്, അജ്മല്‍ ബിസ്മി ഗ്രൂപ്പ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് സംരംഭകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. 32 സ്ഥാപനങ്ങളാണ് ബിടുബിയുടെ ഭാഗമായി മേള സന്ദര്‍ശിച്ചത്. വിവിധ വകുപ്പുകള്‍ ഒരുക്കിയ സേവന സ്റ്റാളുകളും മേളയില്‍ ശ്രദ്ധേയമായിരുന്നു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് സംരംഭകര്‍ക്ക് ആവശ്യമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് സൗജന്യമായി തയ്യാറാക്കി നല്‍കുന്നതിനായി സജ്ജമാക്കിയ ഡി.പി.ആര്‍. ക്ലിനിക്കില്‍ 52 സംരംഭകരാണ് രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ 17 പേര്‍ക്ക് തത്സമയം ഡി.പി.ആര്‍ തയാറാക്കി നല്‍കി. വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 600ല്‍ പരം ആളുകള്‍ക്ക് ന്യൂട്രീഷ്യന്‍ കൗണ്‍സിലിങ് നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ 165 പേര്‍ക്ക് സിറ്റിസണ്‍ഷിപ്പ് പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷന്‍ നടത്തി നല്‍കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 1000 പേര്‍ക്ക് ഷുഗര്‍ടെസ്റ്റും 1000 പേര്‍ക്ക് പ്രഷര്‍ ടെസ്റ്റും 350 പേരുടെ എച്ച്.ബിയും പരിശോധിച്ച് നല്‍കി.

ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്റെ കീഴില്‍ 10 ഓളം ആളുകള്‍ക്ക് യോഗ പരിശീലനം നല്‍കി. സോയില്‍ സര്‍വ്വേ ആന്റ്് കണ്‍സര്‍വേഷന്റെ കീഴില്‍ മണ്ണ് പരിശോധനയ്ക്കായി 37 സാമ്പിള്‍ ശേഖരിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌ന്റെ കീഴില്‍ 70 ഓളം പേര്‍ രജിസ്‌ട്രേഷന്‍ പുതുക്കി. ജില്ലാ സാമൂഹിക നീതിവകുപ്പിന്റെ കീഴില്‍ സുനീതി പോര്‍ട്ടില്‍ 30 പേരും ഡി.പി.ആര്‍ ക്ലിനിക്കില്‍ 89 പേരും രജിസ്റ്റര്‍ ചെയ്തു. അക്ഷയ, ഐ.റ്റി. മിഷന്‍ എന്നിവയുടെ സ്റ്റാളില്‍ 776 പേരുടെ ആധാര്‍ സംബന്ധ സേവനങ്ങള്‍ ഉള്‍പ്പെടെ 931 പേര്‍ക്ക് വിവിധ സേവനങ്ങള്‍ ചെയ്തുനല്‍കി.

Advertisment