ഇന്ന് മിക്കവരിലും കണ്ട് വരുന്ന ഒന്നാണ് വെരിക്കോസ് വെയ്ന്‍. പലകാരണങ്ങള്‍ കൊണ്ടാണ് വെരിക്കോസ് വെയ്ന്‍ ഉണ്ടാകുന്നത്. ചര്‍മ്മത്തിന് തൊട്ടുതാഴെയുള്ള സിരകള്‍ തടിച്ച് പിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍. കാലുകളിലാണ് വെരിക്കോസ് വെയ്ന്‍ ( സിരാവീക്കം) കൂടുതലായി കാണപ്പെടുന്നത്.
അധിക നേരം നില്‍ക്കുമ്പോള്‍ ശരീരഭാരം മുഴുവന്‍ കാലിന് കൊടുക്കുന്നത് കൊണ്ടാണ് പലപ്പോഴും വെരിക്കോസ് വെയ്നുണ്ടാകുന്നത്.
രക്തക്കുഴലുകള്‍ മൂന്ന് തരത്തിലുണ്ട്. ഒന്ന് ശുദ്ധരക്തം വഹിക്കുന്ന ധമനികള്‍ അഥവാ ആര്‍ട്ടറികള്‍. രണ്ട്, ധമനികളിലെ രക്തം കോശങ്ങളിലേക്ക് എത്തിക്കുന്ന സൂക്ഷ്മ രക്തക്കുഴുലുകളായ കാപ്പില്ലറികള്‍. ശരീരം ഉപയോഗിച്ച് കഴിഞ്ഞ രക്തം ശുദ്ധീകരിക്കാനായി തിരിച്ച് കൊണ്ട് പോകുന്ന രക്തക്കുഴലുകളായ സിരകളാണ് മൂന്നാമത്തേത്. ഈ സിരകളെയാണ് വെരിക്കോസ് വെയ്ന്‍ എന്ന രോഗം ബാധിക്കുക.
വെരിക്കോസ് വെയ്ന്‍ കൂടുതലും കാണുന്നത് ഇടത് കാലിലാണ്. രണ്ട് കാലിലും വെരിക്കോസ് വെയ്ന്‍ വരുന്നത് കരുതലോടെ കാണണം. വെരിക്കോസ് വെയ്ന്‍ കാര്യമായ അസ്വസ്ഥത സൃഷ്ടിക്കുകയോ വെരിക്കോസ് വ്രണമായി മാറുകയോ ചെയ്യുന്ന ഘട്ടത്തിലാണ് ചികിത്സ ചെയ്യേണ്ടത്.
അധ്യാപനം, പോലീസ് ജോലി തുടങ്ങി ദീര്‍ഘസമയം പതിവായി നില്‍ക്കേണ്ടി വരുന്നത് പോലുള്ള ജോലികള്‍ ചെയ്യുന്നവരില്‍ വെരിക്കോസ് വെയ്ന്‍ സാധാരണമാണ്. ദീര്‍ഘസമയത്തെ നില്‍പ് കാലുകളിലെ സിരകളില്‍ സമ്മര്‍ദ്ദം കൂട്ടുന്നതാണ് പ്രശ്ന കാരണം.
വെരിക്കോസ് വെയ്ന്‍ പാരമ്പര്യം സ്വഭാവമുള്ള രോഗമായതിനാല്‍ അച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കില്‍ മക്കള്‍ക്കും വരാം. ഗര്‍ഭകാലത്തും വെരിക്കോസ് വെയ്നുണ്ടാകാം. അമിതവണ്ണമുള്ളവരിലും വെരിക്കോസ് വെയ്നുണ്ടാകാം.